ഒരാള്‍ക്ക് ഇത്രയും ക്രൂരനാകാന്‍ കഴിയുമോ ? പലപ്പോഴും നിഷ്ഠൂരമായ കൊലപാതകങ്ങള്‍ നടക്കുമ്പോള്‍ ഏവരും ചോദിക്കുന്ന ചോദ്യമാണത് . ആ ചോദ്യത്തിനുള്ള കൃത്യമായ ഉത്തരമാണ് സയനൈഡ് മോഹന്‍ എന്ന മോഹന്‍കുമാര്‍ . സ്വത്തോ സ്ത്രീയോ ഏതാണ് മോഹനന്‍റെ യഥാര്‍ഥ ബലഹീനതയെന്ന് വേര്‍തിരിക്കുക അസാധ്യം. ഒന്നും രണ്ടുമല്ല 30ലേറെ സ്ത്രീകളെയാണ് മോഹന്‍ കൊലപ്പെടുത്തിയത് . അവരില്‍ നന്നെല്ലാം സ്വര്‍ണവും പണവും കവരുകയും ചെയ്തു.
2003–2009 കാലയളവിലായിരുന്നു ആ കൊലപാതക പരമ്പരകള്‍. യുവതികളെ വിവാഹ വാഗ്ദാനം നൽകി തന്‍റെ വരുതിയില്‍ വരുത്തും. അവരുമായി ബന്ധപ്പെടും. ഗർഭ നിരോധന ഗുളികയാണെന്നു പറഞ്ഞു സയനൈഡ് നൽകി കൊലപ്പെടുത്തും. പിന്നെ ആഭരണങ്ങളുമായി കടന്നു കളയും. ഇതായിരുന്നു മോഹന്‍റെ രീതി.
സയനൈഡ് മോഹന്‍. യഥാര്‍ഥ പേര് മോഹന്‍കുമാര്‍ . കർണാടകയിലെ മംഗളൂരുവിൽ ബണ്ട്‌വാൾ കന്യാനയില്‍ കായിക അധ്യാപകനായിരുന്നു . 2009 ല്‍ ബരിമാറില്‍ അനിതയെന്ന പെണ്‍കുട്ടിയെ കാണാതാകുന്നു. നാട്ടുകാര്‍ ഇളകി. പൊലീസ് നടത്തിയ അന്വേഷണത്തിൽ അനിതയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടിരുന്ന മോഹൻ പിടിയിലാകുന്നു. അന്വേഷണം പുരോഗമിക്കെ പൊലീസ് ആ നടുക്കുന്ന സത്യം മനസിലാക്കി. മോഹനുമായി ബന്ധമുണ്ടായിരുന്ന കാസർകോട് സ്വദേശിനി പുഷ്പ ഉൾപ്പെടെ ഒട്ടേറെ യുവതികള്‍ ദുരൂഹസാഹചര്യത്തില്‍ മിസ്സിങ്ങാണ്. വിശദമായ ചോദ്യം ചെയ്യലില്‍ മനുഷ്യമനസാക്ഷിയെ മരവിപ്പിക്കുന്ന കഥകളുടെചുരുളഴിഞ്ഞു . അനിതയുടേതിന് സമാനമായി ഇയാള്‍ ഒട്ടേറെ യുവതികളെ കൊലപ്പെടുത്തി. മിക്ക മൃതദേഹങ്ങളും കണ്ടെത്തിയത് വിവിധ ബസ് സ്റ്റാൻഡുകളിലെ ശുചിമുറികളില്‍ നിന്നാണ് .
ഇരകളെല്ലാം 20 നും 30 നും ഇടയില്‍ പ്രായം ഉള്ളവര്‍. നിർധന കുടുംബങ്ങളിലെ പെൺകുട്ടികളെയാണു മോഹൻ നോട്ടമിട്ടത്. അടുപ്പം സ്ഥാപിച്ച ശേഷം വിവാഹ വാഗ്ദാനം നൽകും. സ്‌നേഹം നടിച്ചു വശത്താക്കിയ ശേഷം ക്ഷേത്രത്തിൽ കൊണ്ടുപോയി താലി കെട്ടും. തുടർന്നു നഗരത്തിലെ ഹോട്ടലിലോ ലോഡ്‌ജിലോ മുറിയെടുക്കും. ഒരു സംശയത്തിനും ഇടനൽകാതെ ആത്മാര്‍ഥമായ സ്നേഹമാണെന്നു യുവതികളെ വിശ്വസിപ്പിക്കുന്നതിൽ മോഹൻ വിരുതനായിരുന്നെന്നു പൊലീസ് പറയുന്നു. ഹോട്ടൽ മുറിയിൽ യുവതികളുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടും. ശേഷം എന്തെങ്കിലും നുണപറഞ്ഞ് ആഭരണങ്ങൾ കൈക്കലാക്കും. തുടര്‍ന്ന് അവരെയും കൂട്ടി സമീപത്തെ ബസ് സ്റ്റാന്‍ഡില്‍ പോകും. ഗർഭനിരോധന ഗുളിക കഴിക്കാൻ നിർബന്ധിക്കും. അതുമായി ശുചിമുറിയിൽ കയറുന്ന യുവതികൾക്കു സയനൈഡ് കലർന്ന ലായനിയോ സയനൈഡ് പുരട്ടിയ ഗുളികയോ കൊടുക്കും. യുവതി ശുചിമുറിയിൽ പോകുന്ന തക്കത്തിനു മോഹൻ സ്ഥലംവിടും, തന്‍റേതായ യാതൊരടയാളവും ബാക്കിവയ്ക്കാതെ. സയനൈഡ് ഉള്ളില്‍ ചെല്ലുന്നതോടെ ഇരകള്‍ ശുചിമുറിയില്‍ തന്നെ മരണമടയും.
കാസർകോട് മുള്ളേരിയ പുഷ്‌പ (21), ഉപ്പള വിജയലക്ഷ്‌മി (26), പൈവളിഗെ സാവിത്രി (26), കുമ്പള സ്വദേശിനി കമല എന്നിവരാണു മോഹന്‍റെ ചതിയില്‍ കുരുങ്ങി ജീവന്‍ നഷ്ടപ്പെട്ട മലയാളികള്‍. സുള്ള്യ പെരാജെ ബേബി നായക് (25), പുത്തൂർ കെദില ശാരദ (24), സുള്ള്യ സമ്പാജെ കാവേരി (34), പുത്തൂർ പദുമജലു വിനുത (24), ബണ്ട്വാൾ മിട്ടൂർ ഹേമാവതി (ഹേമ–24), ബൽത്തങ്ങടി മഡന്ത്യാർ യശോദ (26), ബണ്ട്വാൾ കരിയങ്കാല സനിരിബെ ശശികല (28), മംഗലാപുരം കങ്കനാടി ശാന്ത (35), ഉപ്പിനങ്ങടി വനിത (22), ബജ്‌പെ മുച്ചൂർ ഗുഡബെട്ടു സുജാത (28), കൊണാജെ ശശികല (26), പൂർണിമ (33), ആരതി (24) ഉൾപ്പെടെയുള്ളവരാണു കൊല്ലപ്പെട്ട മറ്റുള്ളവർ. മുപ്പതിലേറെപ്പേരെ കൊന്നിട്ടുണ്ടെന്നെന്നാണ് പ്രതിയുടെ മൊഴി.
2009 ഒക്‌ടോബർ 21ന് മോഹൻ പിടിയിലായി. കുറ്റകൃത്യങ്ങള്‍ അപൂർവങ്ങളിൽ അപൂർവമെന്നു വിലയിരുത്തിയ കോടതി സയനഡ് മോഹന് വധശിക്ഷ വിധിച്ചു. ഇതുവരെ വിധി നടപ്പാക്കിയിട്ടില്ല. ഒരു സ്ത്രീയെ പുഴയിൽ തള്ളിയിട്ടു കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ ഏറെനാൾ ജയിലിലായിരുന്നു മോഹന്‍. അന്നത്തെ സഹതടവുകാരനായ സ്വർണപ്പണിക്കാരനാണ്, സെക്കന്‍ഡുകള്‍കൊണ്ട് ജീവനെടുക്കുന്ന പൊട്ടാസ്യം സയനൈഡിനെപ്പറ്റി മോഹന് വിവരം കൈമാറിയത്. ഒരു കെമിക്കൽ വ്യാപാരിയിൽനിന്നു സ്വർണപ്പണിക്കാരൻ എന്ന വ്യാജേന വാങ്ങിയ സയനൈഡ് ആണു പലപ്പോഴായി പാവപ്പെട്ട സ്ത്രീകളെ വശീകരിച്ചു ജീവനെടുക്കാൻ മോഹൻ ഉപയോഗിച്ചത്.
ഇരകളെ കണ്ടെത്തുന്നതും ഇല്ലാതാക്കുന്നതും ഹരമാക്കിയ മോഹൻ, താൻ ചെയ്ത കൊലകളിൽ ഒന്നിൽപ്പോലും പശ്ചാത്തപിച്ചിട്ടില്ല. ശിക്ഷാവിധി കേൾക്കാൻ കോടതിയിൽ എത്തുമ്പോഴും വധശിക്ഷയെന്ന വിധി കേട്ടു പുറത്തിറങ്ങുമ്പോഴും മോഹൻകുമാറിന്റെ മുഖത്തു യാതൊരു ഭാവമാറ്റവുമുണ്ടായിരുന്നില്ല.