കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ്സിനുള്ളിൽ ലൈംഗിക അതിക്രമം നടത്തിയ യുവാവ് പതിവായി നഗ്നതാപ്രദർശനം നടത്തുന്നയാളാണെന്ന് പൊലീസ്. കല്ലാമം പന്നിയോട് സ്വദേശി സാജനെയാണ് (37) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ബസില്‍ വെച്ച് തനിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവിന്‍റെ ദൃശ്യങ്ങള്‍ യാത്രക്കാരിയായ യുവതി മൊബൈലിൽ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനു ശേഷമാണ് ഇയാള്‍ പിടിയിലായത്.
യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തിയ ദിവസം തന്നെ കാട്ടാക്കടയിൽ നിർത്തിയിട്ടിരിക്കുന്ന മറ്റു ചില ബസുകളിലും ഇയാള്‍ കയറി നഗ്നത കാട്ടിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കാട്ടാക്കടയിൽ നിന്നുള്ള തിരുവനന്തപുരം ബസ്സിൽ കയറി വഴുതക്കാട് എത്തിയപ്പോൾ ഇയാള്‍ വീണ്ടും നഗ്നത പ്രദർശനം നടത്തി. ഇത് കണ്ട ഒരു സ്ത്രീ ബഹളം വെയ്ക്കുകയും, ഇയാൾ ബസ്സിൽ നിന്ന് ഇറങ്ങി ഓടുകയും ചെയ്തിരുന്നു. ഇയാൾക്കെതിരെ മുൻപും പൊതുസ്ഥലത്ത് വച്ച് സ്ത്രീയോട് മോശമായി പെരുമാറിയതിനും, നഗ്നത പ്രദർശിപ്പിച്ചതിനും തിരുവനന്തപുരം കണ്ടോൺമെൻറ് സ്റ്റേഷനിലും കേസുണ്ടെന്ന് കാട്ടാക്കട പൊലീസ് പറയുന്നു.
കെഎസ്ആർടിസി ബസ്സിൽ യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം നടത്തിയതായുള്ള വീഡിയോ ശ്രദ്ധയിൽപ്പെട്ട കാട്ടാക്കട പൊലീസ് അതിവേഗം കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്‍ഡിലെത്തി സിസിടിവി ഉൾപ്പെടെ വിശദമായി പരിശോധിച്ചിരുന്നു. ആദ്യം വീഡിയോ പകർത്തിയ യുവതിയെ കണ്ടെത്തുകയും, തുടർന്ന് ഇവരിൽ നിന്നും മൊഴി രേഖപ്പെടുത്തി കേസെടുക്കുകയുമായിരുന്നു. വിശദമായുള്ള അന്വേഷണത്തിൽ 24 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ പരുത്തി പള്ളിയിലെ ഇയാളുടെ വാടകവീട്ടിൽ നിന്നും പിടികൂടുകയായിരുന്നു.
കാട്ടാക്കട കെഎസ്ആർടിസി ബസ് ഡിപ്പോയിൽ കോട്ടൂർ ഭാഗത്തേക്ക് പോകാനുള്ള ബസ് നിർത്തിയിട്ടിരിക്കുമ്പോഴായിരുന്നു ഇക്കഴിഞ്ഞ ചൊവാഴ്ച ഇയാൾ നഗ്നതാ പ്രദർശനം നടത്തിയത്. മറുവശത്ത് ഒരു സ്ത്രീ ഇരിക്കുന്നത് കണ്ടാണ് ഇയാള്‍ നഗ്നതാ പ്രദർശനവും ലൈംഗിക ചേഷ്ടകളും കാണിച്ചത്. ഇയാളുടെ ഈ അതിക്രമം യുവതി മൊബൈലിൽ ചിത്രീകരിക്കുന്നത് കണ്ടതോടെ ഇയാൾ ബസ്സിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. കെഎസ്ആർടിസിയിലെയും ഇയാൾ യാത്ര ചെയ്ത ഭാഗത്തെയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ കുടുക്കിയത്.