rahul-sandeep

TOPICS COVERED

ലൈംഗിക പീഡനക്കേസില്‍ കുറ്റാരോപിതനായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍നിന്നു പുറത്താക്കി. രാഹുലിന്റെ ജാമ്യഹര്‍ജി കോടതി തള്ളിയതിനു പിന്നാലെയാണ് നടപ‌ടി. നിലവില്‍ സസ്പെന്‍ഷനിലുള്ള രാഹുലിനെ പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തില്‍ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയതായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എയാണ് അറിയിച്ചത്.

ഇപ്പോഴിതാ രാഹുലിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നുവെന്നും നീതിയാണ് വലുതെന്നും സന്ദീപ് വാര്യര്‍ കുറിച്ചു. നിലവില്‍ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന എഫ്.ഐ.ആർ റദ്ദാക്കണമെന്ന് സന്ദീപ് വാര്യർ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരിയെ അധിക്ഷേപിച്ചിട്ടില്ലെന്നും വർഷങ്ങൾക്ക് മുമ്പുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന്‍റെ പേരിലാണ് തനിക്കെതിരെ കേസെടുത്തതെന്നും പരാതിയിൽ സന്ദീപ് വാര്യർ ചൂണ്ടിക്കാട്ടുന്നു.

സന്ദീപിന്‍റെ കുറിപ്പ്

നീതിയാണ് വലുത്, ഇന്ന്, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയ കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് എംഎൽഎയുടെ തീരുമാനം കേവലം ഒരു നടപടി മാത്രമല്ല, ഇത് ഞങ്ങളുടെ പ്രസ്ഥാനം ഉയർത്തിപ്പിടിക്കുന്ന സ്ത്രീപക്ഷ നിലപാടിന്റെ ഉറച്ച പ്രഖ്യാപനമാണ്.

ഒരു വ്യക്തി എത്ര ഉന്നതനായാലും, ആരോപണങ്ങൾ ഗുരുതരമാണെങ്കിൽ, പ്രത്യേകിച്ച് സ്ത്രീകൾക്കെതിരായ വിഷയങ്ങളിൽ, ഒറ്റ വിട്ടുവീഴ്ചയുമില്ല എന്ന് കോൺഗ്രസ് തെളിയിച്ചിരിക്കുന്നു. ഇവിടെ വ്യക്തി താൽപ്പര്യങ്ങളല്ല, പാർട്ടിയുടെ ധാർമ്മികതയും നീതിബോധവുമാണ് വിജയിച്ചത്. ഇത് കോൺഗ്രസ് എന്നും മുറുകെ പിടിക്കുന്ന സ്ത്രീശാക്തീകരണ കാഴ്ചപ്പാടിൻ്റെ പ്രതിഫലനമാണ്.

മറ്റ് പാർട്ടികളുടെ അവസ്ഥ എന്താണ്? സ്ത്രീകൾക്കെതിരെ കേസുകളുള്ള സ്വന്തം നേതാക്കളെ സംരക്ഷിക്കാനായി അവർ ആവോളം വെള്ളപൂശും. പുറത്തുനിന്നുള്ളവർക്കെതിരെ വരുമ്പോൾ വാളെടുത്ത് ചാടും. സ്ത്രീ സുരക്ഷയെക്കുറിച്ച് വാചാലരാവുകയും സ്വന്തം പാളയത്തിലെ തെറ്റുകൾ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് എത്രയോ തവണ നമ്മൾ കണ്ടതാണ്.

സമാനമായ ആരോപണങ്ങൾ വന്നപ്പോൾ, ആരോപണവിധേയരെ സംരക്ഷിക്കാൻ ഭരണ സ്വാധീനം ഉപയോഗിക്കുകയും, തങ്ങളെ വിമർശിക്കുന്നവരെ വേട്ടയാടുകയും ചെയ്ത പല പാർട്ടികളും ഈ നടപടിയിൽ നിന്ന് ഒരു പാഠം പഠിക്കണം. നീതിയുടെ ഈ വഴിയിൽ, കോൺഗ്രസിനൊപ്പം നിൽക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. പീഡനത്തിനിരയായവർക്കുവേണ്ടി, അവകാശങ്ങൾ നിഷേധിക്കപ്പെട്ട സ്ത്രീകൾക്കുവേണ്ടി, പോരാട്ടം തുടരും.

ENGLISH SUMMARY:

Rahul Mamkootathil has been expelled from the Congress party following sexual harassment allegations. This action demonstrates the party's commitment to justice and its zero-tolerance policy towards offenses against women, as highlighted by Sandeep Warrier.