2024, ഡിസംബർ 04. പാലക്കാട് വിജയക്കൊടി പാറിച്ച രാഹുൽ മാങ്കൂട്ടത്തിൽ, എംഎൽഎ കസേരയിൽ ആത്മവിശ്വാസത്തോടെ അമർന്നിരുന്ന ദിനം. നിവർന്നു നിന്ന് ഒന്നാം വാർഷികം ആഘോഷിക്കേണ്ട ദിവസം പീഡനക്കേസിൽ ജാമ്യം നിഷേധിക്കപ്പെട്ട് തലകുനിച്ച് പാർട്ടിയിൽ നിന്ന് തന്നെ പുറത്തു പോകേണ്ടിവന്നതിനെ വിധിവൈപരീത്യം എന്നല്ലാതെ എന്തുപറയാൻ. കരിയറും ജീവിതവും രാഹുലിന് സ്വന്തം കയ്യിലിരിപ്പു കൊണ്ടുതന്നെ നഷ്ടമായി എന്നാണ് യാഥാർഥ്യം .
സ്പീക്കറുടെ ചേംബറിലോ, നിയമസഭയ്ക്കുള്ളിലോ ആയിരുന്നില്ല രാഹുൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തത് . പതിവിൽ നിന്നു വ്യത്യസ്തമായി, സഭാ മന്ദിരത്തിലെ ചരിത്രമുറങ്ങുന്ന ആർ.ശങ്കരനാരായണൻ തമ്പി ഹാളിൽ തിങ്ങിനിറഞ്ഞ സദസ്സിനു മുൻപിലായിരുന്നു സത്യപ്രതിജ്ഞ. ഷാഫിക്ക് നൽകിയതിലും നാലിരട്ടി ഭൂരിപക്ഷം നൽകിയാണ് പാലക്കാട് രാഹുലിനെ നിയമസഭയിലേക്ക് അയച്ചത് കൃത്യം ഒരു വർഷം പൂർത്തിയാകുന്ന അതേ ദിനം ഉച്ചവരെ രാഹുലിന് നീതിന്യായ കോടതിയുടെ കനിവ് കാത്തുനിൽക്കേണ്ടി വന്നു. പക്ഷേ ഫലം നിരാശ. കരിയറിൽ ആർജിച്ച നേട്ടങ്ങളുടെയും പ്രതാപത്തിൻ്റെയും ശോഭകെടുത്തിയ ലൈംഗിക പീഡനക്കേസിൽ മുൻകൂർജാമ്യമില്ല.
ഒരു പൊതുപ്രവർത്തകൻ രാഹുലിനെപ്പോലെയാവണം എന്ന് പറഞ്ഞവരെല്ലാം മറിച്ചുപറയേണ്ടി വന്ന ദിനങ്ങളാണ് കടന്നുപോകുന്നത്. നിയമസഭാ സമാജികൻ്റെ കുപ്പായത്തിൽ ഒരു വർഷം പൂർത്തിയാക്കാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് ലൈംഗികാപീഡനക്കേസിൽപ്പെട്ടത് . തുടർന്നങ്ങോട്ട് അജ്ഞാതവാസവും കോടതിയുടെ കനിവിനായുള്ള കാത്തുനിൽപ്പും.
ഇപ്പോൾ ഒന്നേയുള്ളൂ പരാതി. പക്ഷേ ഒട്ടേറെ ആക്ഷേപങ്ങളാണ് രാഹുലിനെതിരെ അന്തരീക്ഷത്തിലുള്ളത്. തന്നെ ചതിച്ച് പീഡിപ്പിച്ചെന്ന് മറ്റൊരു യുവതി നൽകിയ പരാതി കോൺഗ്രസ് നേതൃത്വം തന്നെ പൊലീസിന് കൈമാറിയിട്ടുണ്ട് . പരാതിക്കാരി മൊഴി നൽകാൻ തയ്യാറാണോ എന്ന് മെയിലയച്ച് കാത്തിരിക്കുകയാണ് പ്രത്യേക അന്വേഷണസംഘം. അമ്മയുടെ പ്രായമുള്ള മഹിളാ കോൺഗ്രസ് പ്രവർത്തകരെയടക്കം രാഹുൽ വെറുതേവിടില്ലെന്ന് ഒരു യുവ പാർട്ടി പ്രവർത്തക തന്നെ പരസ്യമായി ആക്ഷേപം ഉന്നയിച്ചിട്ടുണ്ട്. ആക്ഷേപങ്ങൾ ഒന്നിനു പുറമേ ഒന്നായി പുറത്തുവന്നതോടെ അതുവരെ പൊതിഞ്ഞു പിടിച്ചവർക്കും പതിയെ പിൻമാറേണ്ടി വന്നു. പദവിക്ക് യോഗ്യനോ എന്ന് പൊതുസമൂഹം ചോദ്യമുയർത്തിയതോടെയാണ് കോൺഗ്രസ് രാഹുലിനെ പാർട്ടിക്ക് പുറത്താക്കാൻ തീരുമാനമെടുത്തത് .