രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് ഡിജിറ്റല്‍ മീഡിയാ സെല്‍ കോ-ഓര്‍ഡിനേറ്റര്‍ താരാ ടോജോ അലക്‌സ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പരാമര്‍ശം. അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് കോൺഗ്രസ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമികതയും നീതിയുമാണ് ഇന്ന് വിജയിച്ചതെന്ന് താര ടോജോ അലക്സ് പറഞ്ഞു. സ്ത്രീത്വത്തിനും അന്തസ്സിനും വേണ്ടി ഒരുമിച്ച് കൈകോർത്തു നിന്ന എന്‍റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
കുറിപ്പ്
ഇന്ന് ഒരു ചരിത്ര ദിനമാണ്. അഹങ്കാരിയും ധിക്കാരിയുമായ ഒരു ലൈംഗിക മനോരോഗിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിക്കൊണ്ട് കോൺഗ്രസ് പാർട്ടി ഉയർത്തിപ്പിടിക്കുന്ന ധാർമികതയും നീതിയുമാണ് ഇന്ന് വിജയിച്ചത്.
മൂന്ന് തലമുറകളായി കോൺഗ്രസ് പാരമ്പര്യം കൊണ്ടുനടക്കുന്ന ഒരു കുടുംബത്തിൽ നിന്നാണ് ഞാൻ വരുന്നത്. എൻ്റെ പ്രസ്ഥാനം ഇന്ത്യയിലെ മനുഷ്യർക്ക് വേണ്ടി, അവരുടെ അവകാശങ്ങൾക്ക് വേണ്ടി, അവർക്ക് നീതി ലഭിക്കാൻ വേണ്ടി ഉടലെടുത്ത പ്രസ്ഥാനമാണ്. സ്ത്രീകളെ ബഹുമാനിക്കാത്ത, മനുഷ്യരെ ബഹുമാനിക്കാത്ത, മനുഷ്യ മൂല്യങ്ങളെ ബഹുമാനിക്കാത്ത ഒരു വ്യക്തിയെ തിരിച്ചറിഞ്ഞുകൊണ്ട് അയാൾക്കെതിരെ ഞാൻ ശബ്ദമുയർത്തിയപ്പോൾ, എന്നെ ഒറ്റപ്പെടുത്തുകയും, അവന്റെ അനുയായികളെ കൊണ്ട് എന്നെ ആക്രമിക്കുകയും, എന്നിലെ കോൺഗ്രസുകാരിയുടെ അസ്തിത്വം പോലും ചോദ്യം ചെയ്യുന്നതുവരെ അവരുടെ നിന്ദകളും പരിഹാസങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായി.
പക്ഷേ സത്യം എത്ര വൈകിയാലും വഴിമാറില്ലെന്നും, നീതി ഒരിക്കലും പരാജയപ്പെടില്ലെന്നും എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു.എതിരെ നിൽക്കുന്നവൻ അവൻ എത്ര ശക്തൻ ആണെങ്കിലും, എത്ര പിന്തുണയുള്ളവനാണെങ്കിലും... ആകാശവും ഭൂമിയും കീഴ്മേയിൽ മറിക്കാൻ കേൽപ്പുള്ളവൻ ആണെങ്കിലും. സത്യം അവനെ വെറുതെ വിടില്ല എന്ന് എനിക്ക് ഉത്തമ ബോധ്യമുണ്ടായിരുന്നു. അറിഞ്ഞുകൊണ്ടുതന്നെ തെറ്റിന്റെ വഴിയിലൂടെ നടക്കുന്നവരെ സത്യം ഒരുനാൾ പിടികൂടും. അത് ഇന്ന് സംഭവിച്ചു. സത്യം മുന്നിൽ നിൽക്കുമ്പോൾ കള്ളത്തിനും അഹങ്കാരത്തിനും ഒരു നിമിഷത്തിന് പോലും നിലനിൽപ്പില്ല.
Justice may take time, But it never fails. ഇന്ന്, സത്യം കേട്ടും തിരിച്ചറിഞ്ഞും, ഒരു നിമിഷം പോലും വൈകരുതെന്ന് മനസ്സിലാക്കി എൻ്റെ പാർട്ടി സ്വീകരിച്ച നടപടി, അത് രാഷ്ട്രീയ ബോധമുള്ള ആത്മാഭിമാനബോധമുള്ള ശബ്ദം മങ്ങാത്ത ഓരോ സ്ത്രീയുടെയും വിജയമാണ്. നീതിയിലുറച്ച ഓരോ കോൺഗ്രസ് നേതാവിന്റെയും പ്രവർത്തകന്റെയും വിജയമാണ്.
അഹങ്കാരത്തെ തോൽപ്പിച്ച സത്യത്തിന്റെ, ഭയത്തെ തോൽപ്പിച്ച ധൈര്യത്തിന്റെ വിജയം. ജനങ്ങൾക്ക് വേണ്ടി, ജനങ്ങളാൽ, ജനങ്ങളുടെ പാർട്ടി ആയ കോൺഗ്രസ് ജനങ്ങളുടെ വാക്കുകൾ കേൾക്കും. തെറ്റുകാർ ആരായാലും എൻ്റെ പാർട്ടി അവരെ സംരക്ഷിക്കില്ല. ഈ വിഷയത്തിൽ ഇരയാക്കപ്പെട്ട സ്ത്രീകൾ...ഇരകളോടൊപ്പം നിന്ന് അവർക്ക് വേണ്ടി ശബ്ദമുയർത്തിയ സ്ത്രീകൾ. എന്നിലെയും നിങ്ങളിലെയും സ്ത്രീത്വത്തിനും അന്തസ്സിനും വേണ്ടി ഒരുമിച്ച് കൈകോർത്തു നിന്ന എൻ്റെ പ്രിയപ്പെട്ട പെണ്ണുങ്ങളെ. നമ്മുടെ ശബ്ദം, നമ്മുടെ ധൈര്യം, നമ്മുടെ സത്യം... അത് ജയിച്ചിരിക്കുകയാണ്...