രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താന്‍ നിരാഹാര സമരത്തിലാണെന്ന് രാഹുല്‍ ജയില്‍ സൂപ്രണ്ടിന് എഴുതി നല്‍കി. വെള്ളം മാത്രം കുടിച്ചാണ് രാഹുല്‍ ജയിലില്‍ കഴിയുന്നത്. കോടതി റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് ഇന്നലെ രാഹുലിനെ പൂജപ്പുര ജില്ലാ ജയിലില്‍ ആണ് എത്തിച്ചിരുന്നത്.
നിരാഹാര സമരവുമായി മുന്നോട്ടുപോകാൻ തന്നെയാണ് രാഹുൽ ഈശ്വറിന്റെ തീരുമാനമെന്ന് ഭാര്യ ദീപ രാഹുൽ ഈശ്വർ പറഞ്ഞു. ജ്യൂസ് കൊടുത്തപ്പോൾ രാഹുൽ കഴിച്ചില്ലെന്നും ഇപ്പോഴും നിരാഹാരത്തിൽ തന്നെയാണ് എന്നും ദീപ മാധ്യമങ്ങളോട് പറഞ്ഞു.
പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പൊലീസ് കള്ളക്കേസ് എടുത്തതില്‍ പ്രതിഷേധിച്ച് നിരാഹാരസമരം നടത്തുമെന്നും രാഹുല്‍ പറഞ്ഞിരുന്നു. ജയില്‍ അധികൃതര്‍ ഭക്ഷണം നല്‍കിയെങ്കിലും രാഹുല്‍ കഴിക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്നാണ് ഇന്ന് ഉച്ചയോടെ സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയത്. ഇവിടെ രാഹുലിനു വൈദ്യസഹായം ലഭ്യമാക്കും. രാഹുലിനെ നിരീക്ഷിക്കണമെന്ന് ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.