TOPICS COVERED

നാവിക സേന ദിനാഘോഷത്തിന്‍റെ ഭാഗമായി തിരുവനന്തപുരം ശംഖുമുഖത്ത് നാളെ നടക്കുന്ന നാവിക സേന അഭ്യാസ പ്രകടനത്തില്‍ ഐ.എന്‍.എസ് വിക്രാന്തും. ഇന്നലെ നടന്ന അവസാന ഡ്രസ് റിഹേഴ്സലില്‍ ഐ.എന്‍.എസ് വിക്രാന്തും പങ്കെടുത്തു. കേരളത്തില്‍  ആദ്യമായി നടക്കുന്ന നാവികസേന ദിനാഘോഷത്തിന് അതിഥ്യമരുളാന്‍ ശംഖുമുഖം ഒരുങ്ങി. രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് മുഖ്യാതിഥി. 

അവസാന ഡ്രസ് റിഹേഴ്സലില്‍ അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്ത്യന്‍ നാവിക സേനയുടെ അഭിമാനമായ വിമാന വാഹിനിക്കപ്പല്‍ ഐ.എന്‍.എസ് വിക്രാന്തിന്‍റെ എന്‍ട്രി. പിന്നാലെ കപ്പലില്‍ നിന്നും ഫൈറ്റര്‍ ജെറ്റ് മിഗ് 29ന്‍റെ ടേക്ക് ഓഫ്. ശംഖുമുഖത്തെ ആകാശത്തെ വിറപ്പിച്ച് മിഗ് 29 തീ തുപ്പിയപ്പോള്‍ അത് ഇന്ത്യന്‍ നാവിക സേനയുടെ കടല്‍, വ്യോമ  കരുത്തിന്‍റെ സമ്മേളനമായി.

കില്ലര്‍ മിസൈല്‍ ബോട്ടുകളെന്നറിയപ്പെടുന്ന ഐ.എന്‍.എസ് വിപുലും, ഐ.എന്‍.എസ് വിദ്യൂതും തൊടുത്തുവിട്ട മിസൈലുകള്‍, എം.എച്ച്.60 ആര്‍ ഹെലികോപ്ടറുകളുടെ പോര്‍ വീര്യം, സീ കിങ് ഹോലികോപ്ടറുകളില്‍ നാവിക കമാന്‍ഡോകള്‍ നടത്തുന്ന റെസ്ക്യൂ ഓപ്പറേഷന്‍, ശത്രുവിന്‍റെ റിഫൈനറികളെ തകര്‍ത്ത ഡിസ്ട്രോയര്‍ കപ്പലുകള്‍. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തും വേഗതയും സാങ്കേതിക മികവുമെല്ലാം സമ്മേളിക്കുന്നതായിരിക്കും നാളത്തെ ഷോ. 

കേരളത്തിന്‍റെ തനത് പാരമ്പര്യ കലകളുടെ പ്രകടനത്തോടെയായിരിക്കും നാവിക ദിനാഘോഷത്തിന് തുടക്കമാവുക. നാവിക സേന ബാന്‍റുകളുടെ പ്രകടനവും കേരളത്തിന്‍റെ ഭൂ പ്രകൃതിയെ കുറിച്ചുള്ള നൃത്ത–സംഗീത ശില്‍പവും അരങ്ങേറും. 

ENGLISH SUMMARY:

Indian Navy Day celebrations are set to captivate audiences. The event showcases the Indian Navy's strength, speed, and technological prowess, featuring the INS Vikrant and a display of Kerala's cultural heritage.