ആറു മാസം ​ഗർഭിണിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് വധശിക്ഷയാണ് ആലപ്പുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി വിധിച്ചത്. കഴിഞ്ഞ ദിവസം ഒന്നാം പ്രതി നിലമ്പൂർ മുതുകാട് പൂക്കോടൻ വീട്ടിൽ പ്രബീഷ് സദാനന്ദന് കോടതി ശിക്ഷ വിധിച്ചിരുന്നു. ഇന്നാണ് രണ്ടാം പ്രതി  കൈനകരി തോട്ടുവാത്തല പതിശേരിൽ രജനിക്കുള്ള ശിക്ഷ വധിച്ചത്. ​ഗർഭിണിയായ പുന്നപ്ര തെക്ക് തോട്ടുങ്കൽ അനീഷിന്റെ ഭാര്യ അനിതയാണ് (32)യാണ് കൊല്ലപ്പെട്ടത്. 

പ്രബീഷുമായി അടുപ്പത്തിലായിരുന്ന അനിത ​ഗർഭിണിയായതും ഒഴിവാക്കാനുള്ള ശ്രമങ്ങളുമാണ് കൊലപാതകത്തിലേക്ക് എത്തിയത്. അനിതയെ പ്രതികൾ വീട്ടിലേക്ക് വിളിച്ചു വരുത്തി കൊലപ്പെടുത്തുകയായിരുന്നു. രജനിയുമായി സമൂഹ മാധ്യമം വഴിയാണ് പ്രബീഷ് അടുപ്പത്തിലാകുന്നത്. ഇരുവരും ഒന്നിച്ചു താമസിക്കുകയായിരുന്നു. ജോലിയുടെ ഭാ​ഗമായി കായംകുളത്തെത്തിയ പ്രബീഷ് അനിതയുമായി പരിചയത്തിലായി. 

ഗർഭിണിയായ അനിത പ്രബീഷിനോട് തന്നെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, അനിതയുടെ ഗർഭത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ പ്രബീഷ് തയാറായില്ല. കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അനിതയെ കൈനകരിയിലെ രജനിയുടെ വീട്ടിലേക്കു വിളിച്ചുവരുത്തി. രജനിയുടെ വീട്ടിൽ ശാരീരിക ബന്ധത്തിലേർപ്പെട്ട ശേഷം പ്രബീഷ് അനിതയുടെ കഴുത്തു ഞെരിച്ചെന്നും രജനി വായും മൂക്കും പൊത്തി ശ്വാസംമുട്ടിച്ചെന്നുമാണു കേസ്. 

ബന്ധത്തെക്കുറിച്ച് അറിഞ്ഞ രജനിയോട് ഇരുവരെയും ഒന്നിച്ചു പോറ്റാമെന്നു പ്രബീഷ് പറഞ്ഞു. രജനിയും അനിതയും എതിർത്തു. തുടർന്നാണ് അനിതയെ ഒഴിവാക്കാൻ തീരുമാനിച്ചത്. 

ENGLISH SUMMARY:

Alappuzha murder case involves the brutal killing of a pregnant woman and the subsequent death penalty awarded to the perpetrators. The Alappuzha Additional District and Sessions Court sentenced the accused in this heinous crime, highlighting the severity of the offense.