അവനവനോട് നീതി പുലർത്തി അവനവൻ ആസ്വദിക്കുന്ന രീതിയിൽ കലയെ ആവിഷ്കരിക്കുമ്പോഴാണ് മുന്നോട്ടുള്ള യാത്രയിൽ പുതുമ ഉണ്ടാകുന്നതെന്ന് നാടൻ പാട്ട് കലാകാരി പ്രസീദ ചാലക്കുടി. മനോരമ ഹോർത്തൂസിൽ പച്ച മലയാളത്തിന്റെ പാട്ടുകൂട്ടം സെഷനിൽ സംസാരിക്കുക യായിരുന്നു പ്രസീദ. മാർട്ടിൻ ഊരാളി, ജെയിംസ് തകര, എന്നിവരും സെഷനിൽ പങ്കെടുത്തു.
കൊച്ചിക്കായൽ തീരത്ത് പാടിയും പറഞ്ഞും പിന്നിട്ട സമയങ്ങളിൽ മൂവരും പാട്ടു ലോകത്തെ പിന്നിട്ട വഴികളെക്കുറിച്ചും പുതിയകാലത്തെ മാറിയ പാട്ട് സംസ്‍കാരത്തെക്കുറിച്ചും വാചാലരായി. പുട്ട് പാട്ടിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ജെയിംസ് തകരയുടെ
പാട്ടിലൂടെ തുടങ്ങിയ പാട്ടു വാർത്തമാനത്തിൽ പാട്ടിന്റെ രാഷ്ട്രീയവും ആസ്വാദനത്തിൽ വന്ന മാറ്റവും തുടങ്ങി പാട്ടിലെ ഭാഷയും, പാട്ടുകാരന്റെ വേഷവും വരെ ചർച്ചയായി.
സ്വതന്ത്ര സംഗീത രംഗത്ത് പത്തു വർഷം മുൻപുള്ള പ്രവണതയല്ല ഇന്നുള്ളത് എന്നും ആസ്വാദകരുടെ സ്വഭാവം മാറീതുടങ്ങിയിരിക്കുന്നുവെന്നും പ്രസീദ പറഞ്ഞു. പട്ടിണി വീട്ടിൽ കൂടു കൂട്ടിയ അപ്പോഴാണ് പാട്ടിനോട്ട് കൂട്ടു കൂടിയത് എന്ന് പോയ കാല ഓർമ്മകൾ അയവിറക്കി പ്രസീദ. സമരങ്ങളോട് സമരസപ്പെടാൻ മലയാളികൾക്ക് മടിയായി തുടങ്ങിയെങ്കിലും കലയിലൂടെ ചെയ്യാനാകുന്നത് തങ്ങൾ ചെയ്യുമെന്ന് ഉറക്കെ പറഞ്ഞു മാർട്ടിൻ.