DYSP Umesh, CI Binu Thomas

TOPICS COVERED

മേലുദ്യോഗസ്ഥനെതിരെ അതീവഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ആത്മഹത്യ ചെയ്ത ചെര്‍പ്പുളശേരി സി.ഐ ബിനു തോമസിന്‍റെ ആത്മഹത്യാക്കുറിപ്പിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അനാശാസ്യത്തിന് പിടിയിലായ യുവതിയെ അന്ന് സിഐ ആയിരുന്ന ഇപ്പോഴത്തെ കോഴിക്കോട് ഡിവൈഎസ്‌പി ഉമേഷ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും തന്നെയും അതിന് പ്രേരിപ്പിച്ചെന്നുമായിരുന്നു ബിനു തോമസിന്‍റെ പ്രധാന ആരോപണം. ഇതിന്‍റെ വിശദാംശങ്ങളാണ് പുറത്തുവന്നത്. 2014 ഏപ്രിലില്‍ നാട്ടുകാര്‍ തടഞ്ഞുവച്ച് പൊലീസില്‍ ഏല്‍പ്പിച്ച യുവതിയെയാണ് ഉമേഷ് അന്നുരാത്രി തന്നെ ദുരുപയോഗം ചെയ്തതെന്ന് ബിനു കുറിപ്പില്‍ പറയുന്നു.

‘നാല് പുരുഷന്മാര്‍ക്കൊപ്പമാണ് യുവതിയെ നാട്ടുകാര്‍ തടഞ്ഞുവച്ചത്. അവളും അമ്മയും കുഞ്ഞുങ്ങളുമായി രാത്രി ഏഴരയോടെ ഓട്ടോറിക്ഷയില്‍ സ്റ്റേഷനില്‍ എത്തി. അവളെ ഒന്നു കാണാന്‍ സ്റ്റേഷന്റെ മുറ്റത്ത് ധാരാളം പേര്‍ വന്നിരുന്നു, ചിലരെല്ലാം അവളെക്കുറിച്ച് ‌വളരെ മോശം പരാമര്‍ശങ്ങള്‍ നടത്തി. അതില്‍ രണ്ടുപേരെ ഞാന്‍ അടികൊടുത്ത് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ നിന്നും വെളിയിലാക്കി. ആ അമ്മയുടെ രോഗാവസ്ഥയും രണ്ടു കുഞ്ഞുങ്ങളുടെ കാര്യവും കേട്ടതോടെ എനിക്ക് മാനസിക പ്രയാസം തോന്നി. ഏകദേശം 9 മണി സമയത്ത് ഉമേഷ് എന്നെ അടുത്തുവിളിച്ച് ‘അവള്‍ ആള് കൊള്ളാമല്ലോ, ഇന്ന് അവളുടെ അടുത്തേക്ക് പോയാലോ നമുക്ക് രണ്ടാള്‍ക്കും’ എന്ന് ചോദിച്ചു. എനിക്ക് അക്കാര്യത്തില്‍ താല്‍പര്യം തോന്നിയില്ല.

‘അനാശാസ്യത്തിന് പിടികൂടിയെന്ന വാര്‍ത്ത വരാതിരിക്കാന്‍ ആ സമയം അവള്‍ എന്തിനും റെഡിയായിരുന്നു. അവളെയും കുടുംബത്തെയും പാലക്കാട്ടെ വീട്ടിലേക്ക് അയച്ചു. ഇതിനകം അവളുടെ താമസസ്ഥലം ഉമേഷ് ചോദിച്ചു മനസിലാക്കിയിരുന്നു. അവര്‍ വീട്ടിലെത്തിയ സമയം നോക്കി ഉമേഷും ഞാനും വണ്ടിയുമായിറങ്ങി. വണ്ടി ഓടിച്ചത് ഞാനാണ്. അടുത്തുള്ള ബേക്കറിയില്‍ നിന്നും അവളുടെ മക്കള്‍ക്കായി രണ്ട് ഡയറി മില്‍ക്ക് വാങ്ങി. ആ പെണ്‍കുട്ടി അന്ന് പകല്‍ ഒന്നും കഴിച്ചിരുന്നില്ലെന്ന് എനിക്ക് മനസിലായിരുന്നു. അവള്‍ താമസിക്കുന്ന വീടിനടുത്ത് ഉമേഷിനെ ഇറക്കി ഞാന്‍ തിരികെ ബൈപ്പാസില്‍ വന്ന് കാറില്‍ കിടന്നുറങ്ങി. ഉമേഷ് കാര്യം കഴിഞ്ഞ് വിളിച്ചപ്പോള്‍ ഞാന്‍ കാറുമായി പോയി ഉമേഷിനേയും കൂട്ടി തിരികെ പോന്നു. എന്നോടും അവളുടെ അടുത്തുപോകാന്‍ ഉമേഷ് നിര്‍ബന്ധിച്ചു. അവശയും നിരാലംബയുമായ അവളോട് അങ്ങനെ ചെയ്യാന്‍ എനിക്ക് മനസ്സ് വന്നില്ല. രണ്ടു ദിവസത്തിനു ശേഷം ഒരിക്കല്‍ക്കൂടി ഉമേഷിനെ അവിടെ കൂട്ടിക്കൊണ്ടുപോയെന്നാണ് എന്‍റെ ഓര്‍മ.  ആ പെണ്‍കുട്ടിയെ കണ്ടപ്പോള്‍ എനിക്ക് പ്രത്യേകിച്ച് അടുപ്പമൊന്നും തോന്നിയില്ല, രാത്രിയില്‍ ഞാന്‍ അവളുമായി നിരന്തരം ഫോണില്‍ മെസേജ് അയക്കുകയോ വിളിക്കുകയോ ചെയ്യുമായിരുന്നു.  ഒരിക്കല്‍ ഞാന്‍ അവളെ കാണാന്‍ പോയി ബന്ധപ്പെട്ടു’– എന്നും കുറിപ്പില്‍ പറയുന്നു. 

താനും ആ പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി ബന്ധമുണ്ടെന്നും പതിവായി ആ വീട്ടില്‍ പോകാറുണ്ടെന്നും ഡിവൈഎസ്പി ഉമേഷ് തന്റെ കുടുംബത്തെ അറിയിച്ചോയെന്ന് ബിനുതോമസിനു സംശയമുണ്ടായിരുന്നു. ഇതുകാരണമാണ് ബിനു തോമസ് ജീവനൊടുക്കിയതെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. അന്നുതന്നെ പല മാധ്യമങ്ങളും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സിഐയുടെ ആത്മഹത്യാകുറിപ്പിന്റെ വിവരങ്ങളും മരണത്തിന്റെ കാരണങ്ങളും  തേടിയെങ്കിലും മറുപടി ലഭിച്ചിരുന്നില്ല. കുടുംബപ്രശ്നമാണ് മരണകാരണം എന്നാണ് അന്ന് പൊലീസ് വ്യക്തമാക്കിയത്. 

വടകര സ്വദേശിയായ ബിനു തോമസിനെ ശനിയാഴ്ചയാണ് ക്വാര്‍ട്ടേഴ്സില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഡ്യൂട്ടികഴിഞ്ഞുപോയ ബിനുവിനെ പിറ്റേന്ന് മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ആറുമാസം മുന്‍പാണ് ബിനു സ്ഥലംമാറ്റം കിട്ടി ചെര്‍പ്പുളശേരി സ്റ്റേഷനില്‍ എത്തിയത്. ഭാര്യയും രണ്ട് മക്കളുമുണ്ട്. ഇവര്‍ പാലക്കാട്ടാണ് താമസം. 

ENGLISH SUMMARY:

CI Binu Thomas suicide note allegations against DYSP Umesh.