രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി പരാതി നല്‍കിയ പശ്ചാത്തലത്തില്‍ പ്രതികരണവുമായി രാഹുല്‍ ഈശ്വര്‍ രംഗത്ത്. ഏത് വകുപ്പിലാണ് പരാതി നല്‍കിയത് എന്നറിയുന്നത് വളരെ പ്രധാനമാണെന്ന് രാഹുല്‍ ഈശ്വര്‍ മനോരമ ന്യൂസിനോട് പ്രതികരിച്ചു. കുഞ്ഞ് വേണമെന്ന് പറഞ്ഞാലോ, ബ്രേക്കപ്പായി ബന്ധം തകര്‍ന്നുവെന്ന് പറഞ്ഞാലോ പരാതി നല്‍കാന്‍ നമ്മുടെ നിയമത്തില്‍ വകുപ്പില്ലെന്നാണ് രാഹുലിന്‍റെ വാദം.
'പീഡനത്തിനിരയായെന്ന് ആ പെണ്‍കുട്ടിക്ക് പോലും അഭിപ്രായം കാണില്ല. അത് പരസ്പരമുള്ള ഫിസിക്കല്‍, മെന്‍റല്‍ റിലേഷനാണ്. രണ്ട് പേരും ചേര്‍ന്ന് കുഞ്ഞിനെ പ്ലാന്‍ ചെയ്യുന്ന റിലേഷനാണത്. അപ്പോള്‍ എങ്ങനെയാണ് അത് പീഡനം ആകുന്നത്. അവര്‍ കുട്ടിയെ പ്ലാന്‍ ചെയ്തത് ഒരുമിച്ചല്ലേ?.. അതിന് ശേഷം അവര്‍ ബ്രേക്കപ്പായി. അപ്പോഴാണ് കുട്ടി വേണ്ടായെന്ന തീരുമാനത്തിലേക്ക് എത്തിയത്. അവരുടെ സംസാരത്തില്‍ നിന്ന് ഒരുവരി എടുത്ത് പ്രചരിപ്പിക്കുന്നത് ശെരിയല്ല. ആക്ടീവ് റിലേഷന്‍റെ തെളിവാണ് പുറത്തുവന്നത്. അബോര്‍ഷന്‍ നമ്മുടെ നാട്ടില്‍ നിയമ വിധേയമാണ്. എത്രയോ പെണ്‍കുട്ടികള്‍ അങ്ങനെ പരസ്പര സമ്മതത്തോടെ അബോര്‍ട്ട് ചെയ്യുന്നു. അതുപോലെയാവാം ഇതും സംഭവിച്ചത്. ആ പെണ്‍കുട്ടി രാഹുലിന്‍റെ മാനസികാവസ്ഥ കൂടി നോക്കണം'. രാഹുല്‍ ലൈംഗികതയ്ക്ക് വേണ്ടി പുറകേ പോയതല്ലെന്നും അദ്ദേഹം പറയുന്നു.
ഡിജിപിക്ക് പെണ്‍കുട്ടി പരാതി കൈമാറിയതോടെ രാഹുലിനെ അറസ്റ്റ് ചെയ്യാനും തുടര്‍ നടപടികള്‍ കൈക്കൊള്ളാനും സാധ്യത. രാഹുല്‍–യുവതി ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസം പുറത്തുവന്നതിന് പിന്നാലെ, ലൈംഗികപീഡന പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നേരിട്ടെത്തി കൈമാറിയത്. ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന തരത്തിലാണ് ശബ്ദരേഖ. യുവതിയുടെ പരാതിയോടെ എംഎല്‍എയ്ക്കു കുരുക്ക് മുറുകിയിരിക്കുകയാണ്.
ലൈംഗികാരോപണക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ വീണ്ടും വെട്ടിലാക്കിയാണ് ഓഡിയോ ക്ലിപ്പും വാട്സാപ് ചാറ്റും പുറത്തുവന്നത്. രാഹുല്‍ യുവതിയെ ഗര്‍ഭധാരണത്തിനും പിന്നീട് ഗര്‍ഭഛിദ്രത്തിനും നിര്‍ബന്ധിക്കുന്നതാണ് ഓഡിയോയിലും ചാറ്റിലും ഉള്ളത്. ‘നീ പ്രെഗ്നന്‍റ് ആകാന്‍ റെഡിയാകൂ...’ എന്നാണ് ചാറ്റില്‍ രാഹുല്‍ പറയുന്നത്. ഗര്‍ഭനിരോധന ഗുളികള്‍ ഉപയോഗിക്കാമെന്ന് യുവതി മറുപടി നല്‍കുമ്പോള്‍ ‘നോ’ എന്നാണ് രാഹുലിന്‍റെ പ്രതികരണം. ‘അതെന്താണ്?’ എന്ന് യുവതി തിരിച്ചുചോദിക്കുമ്പോള്‍ ‘എനിക്ക് നിന്നെ ഗര്‍ഭിണിയാക്കണം, നമ്മുടെ കുഞ്ഞ് വേണം...’ എന്ന് രാഹുല്‍ മറുപടി പറയുന്നു.
ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ച രാഹുല്‍ പിന്നീട് ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നതാണ് ശബ്ദരേഖ. കുട്ടിവേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തിലാണ് നിര്‍ബന്ധം പിടിച്ചതെന്ന് യുവതി ഓഡിയോയില്‍ പറയുന്നുണ്ട്. യുവതി സങ്കടം പറയുമ്പോള്‍ ‘നീയെന്തിനാണ് ഡ്രാമ കളിക്കുന്നത്’ എന്നുപറഞ്ഞ് പുരുഷശബ്ദം ക്ഷോഭിക്കുന്നുണ്ട്.