രണ്ടുവർഷം മുൻപ് തൃശൂർ സ്വദേശികളായ ബാസിതും സുഹൃത്തുക്കളും ചേർന്ന് കണ്ണോത്ത് പാടത്ത് ഒരു കൊച്ചു കട തുടങ്ങി. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയിൽ നിമിഷനേരം കൊണ്ട് അവരുടെ സ്വപ്നം ഇല്ലാതായി. പ്രതിസന്ധികളിൽ പതറാതെ മുന്നോട്ടു പോയി പുതിയൊരു കട തുടങ്ങിയ നാല് യുവാക്കളുടെ കഥയിലേക്ക്.
2023ൽ ഏറെ നാളത്തെ സ്വപ്നത്തിന്റെ ഫലമായി 17 വയസ്സുകാരനായ ബാസിതും മൂന്നു സുഹൃത്തുക്കളും ചേർന്ന് young burger എന്ന കട ആരംഭിച്ചു. എന്നാൽ 2025ൽ ഉണ്ടായ മഴയിലും കാറ്റിലും അവരുടെ സംരംഭം തകർന്നു. വിട്ടുകൊടുക്കാൻ ഈ യുവാക്കൾ തയ്യാറല്ലായിരുന്നു. പ്രകൃതിയുടെ വൈബിൽ ഒത്തൊരുമയുടെ തണലിൽ, ഗ്രാമഭംഗിയുടെ നിറവിൽ പുത്തൻ ഒരു കട അവർ കെട്ടിപ്പൊക്കി.
തൃശൂർ കണ്ണോത്ത് പാടത്തെ ഈ കട സോഷ്യൽ മീഡിയയിൽ വൈറലാണ്. 19 വയസ്സുകാരനായ ബാസിത് തന്റെ പതിനേഴാമത്തെ വയസ്സിൽ ആരംഭിച്ച ഒരു കൊച്ചു സ്വപ്നമാണിത്. പ്രാവർത്തികമാക്കാൻ അവന്‍റെ മൂന്ന് സുഹൃത്തുക്കളും കട്ടക്ക് നിന്നു. അവർ തന്നെയാണ് പാചകം ചെയ്യുന്നതും. ഉള്ളതെല്ലാം വെറൈറ്റി ഫുഡുകൾ. ഒട്ടേറെ പേരാണ് കണ്ടും കേട്ടും ഈ കൊച്ചുകടയിൾ എത്തുന്നത്. സ്വപ്നങ്ങൾ കാണാനുള്ളത് മാത്രമല്ല അത് നടപ്പാക്കാനുള്ളതാണെന്ന് കൂടി പറഞ്ഞുതരുകയാണ് ബാസിതും സുഹൃത്തുക്കളും.