ഓട്ടോ ഡ്രൈവറായ തിരുവനന്തപുരം നാവായിക്കുളം സ്വദേശി അൻസറിന് വഴിയില്‍ കിടന്നൊരു മാല കിട്ടി. വീട്ടിലെത്തി പരിശോധിച്ചതോടെ സാധനം സ്വർണ്ണമാണെന്ന് ബോധ്യമായി. ഉടന്‍ പ്രാദേശിക ഓൺലൈൻ മീഡിയയിലൂടെ വാർത്ത നൽകി ഉടമയെ കണ്ടെത്താൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.  

ആരും തിരക്കിയെത്താതായതോടെ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി മാല കൈമാറി. അന്യന്‍റെ മുതല്‍ കൈയ്യിലിരിക്കുമ്പോഴെല്ലാം ഒരു സമാധാനം കിട്ടാറില്ലെന്ന്  അൻസര്‍ പറയുന്നു. ഇതിനിടെ വാർത്ത കണ്ട് 2 യുവതികൾ കല്ലമ്പലം പൊലീസ് സ്റ്റേഷനിലെത്തി സ്വർണ്ണമാല നഷ്ടപ്പെട്ടിട്ടുണ്ടെന്ന് അറിയിച്ചു. പൊലീസിന്റെ പരിശോധനയിൽ മാല അവരുടേതല്ലെന്ന് സ്ഥിരീകരിച്ചു. 

മാല കിട്ടിയത് വർക്കല സ്റ്റേഷൻ പരിധിയിൽ നിന്നായതിനാൽ അവിടെ ഏൽപ്പിക്കാൻ അന്‍സറിനോട് കല്ലമ്പലം പൊലീസ് പറ‍ഞ്ഞു.  തുടർന്ന് അൻസർ വർക്കല പൊലീസ് സ്റ്റേഷനിലെത്തി സംഭവം അറിയിച്ച് മാല അവിടെ ഏൽപ്പിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി മടങ്ങുകയും ചെയ്തു. കഴിഞ്ഞ 16ന് കുടുംബത്തോടൊപ്പം വർക്കല പാപനാശം ബീച്ചില്‍ പോയി തിരിച്ചു വരവേ ബീച്ചിന് സമീപത്തെ റോഡിൽ നിന്നാണ് അൻസറിന് മാല കിട്ടിയത്. 

ENGLISH SUMMARY:

Honest auto driver Ansar found a gold chain and handed it over to the police after failing to find the owner. The chain was found near Varkala beach, and Ansar's integrity has been widely appreciated.