കോട്ടയം ജില്ലയിൽ ഊബർ ഓടാനുള്ള അനുമതിയില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന സ്വകാര്യ ടാക്സി ഡ്രൈവറാണ് ഇപ്പോൾ സൈബറിടത്ത് എയറിലായത്. ഊബർ ടാക്‌സി ഡ്രൈവറും ഒരു പ്രാദേശിക 'ചേട്ടനും' തമ്മിലുണ്ടായ രസകരമായ വാക്കുതർക്കമാണ് റീൽസ് ലോകത്ത് ചിരി പടർത്തുന്നത്. കോട്ടയത്ത് വെച്ച് ഒരു ഊബർ ടാക്സിയെ തടഞ്ഞുനിർത്തിയാണ് വൈറൽ 'ചേട്ടൻ' ആദ്യം രംഗത്തെത്തിയത്. ‘കോട്ടയം ഡിസ്ട്രിക്റ്റിൽ ഊബർ ഓടാൻ പെർമിഷൻ ഇല്ലെന്ന് നിനക്കറിയാമോ?’ എന്ന ചോദ്യത്തോടെയാണ് സംഭാഷണം തുടങ്ങിയത്. മറുപടി 'ഇല്ല' എന്നായതോടെ, ചേട്ടൻ ഭീഷണി ഉയർത്തി ‘മര്യാദയ്ക്ക് ഇവിടുന്ന് പോകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഞാൻ ആളുകളെ വിളിക്കും, നിന്റെ വണ്ടി തല്ലിപ്പൊളിക്കും എന്നായി ചേട്ടൻ.
എന്നാൽ ഈ ഭീഷണിയിൽ പതറാൻ ഊബർ ഡ്രൈവർ തയ്യാറായിരുന്നില്ല. ‘ധൈര്യമുണ്ടെങ്കിൽ നീയൊന്ന് വണ്ടി തല്ലിപ്പൊളിക്ക്’ എന്നായി. ഇതുകേട്ടതോടെ ചേട്ടൻ ഉടൻ ഫോൺ എടുത്ത് മാസ് ഡയലോഗ് ‘ഇപ്പൊ ഞാൻ അവരെ വിളിക്കും, നിന്റെ കാര്യം തീരുമാനം ആക്കി തരാം’ തുടർന്ന് ഫോണിൽ ആരോടെന്നില്ലാതെ വിളിക്കാനായി നമ്പർ സെർച്ച് ചെയ്യാൻ തുടങ്ങി.
ആളുകളെ വിളിക്കാൻ ഫോണിൽ സെർച്ച് ചെയ്യാൻ തുടങ്ങിയ ചേട്ടൻ പിന്നീടുള്ള രണ്ട് മൂന്ന് മിനിറ്റ് നേരം ആ നമ്പർ സെർച്ച് ചെയ്യുന്നതിൽ തന്നെ മുഴുകിയിരുന്നു .'സ്റ്റാച്യു' പോലെ ഒരേ ഇരിപ്പിൽ നമ്പർ നോക്കിക്കൊണ്ടിരുന്നതല്ലാതെ മറ്റൊന്നും സംഭവിച്ചില്ല. അവസാനം ക്ഷമകെട്ട് ഊബർ ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി മുന്നോട്ട് പോയിട്ടും, ചേട്ടൻ വിളിക്കാനുള്ള നമ്പർ കണ്ടെത്താനുള്ള ശ്രമത്തിൽ തന്നെയായിരുന്നു.
ഈ വിഡിയോ പുറത്ത് വന്നതോടെ ‘സ്റ്റാച്യു' ചേട്ടൻ എന്ന പേരും ആളും എയറിലായി. അനാവശ്യമായി ഊബർ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയാണെന്നും നാണമില്ലെയെന്നും ചോദ്യം ഉയരുന്നുണ്ട്.