പാലത്തായി പീഡനക്കേസിൽ അധ്യാപകനും ബിജെപി നേതാവുമായ കുനിയിൽ പത്മരാജന് മരണംവരെ ജീവപര്യന്തമാണ് ശിക്ഷയാണ് കോടതി വിധിച്ചത്. പോക്സോ വകുപ്പുകളിൽ 40 വർഷം തടവിനൊപ്പമാണ് മരണം വരെ ജീവപര്യന്തം. രണ്ട് ലക്ഷം രൂപ പിഴയും അടങ്ങുന്നതാണ് ശിക്ഷ. 2020 തിലാണ് കേസിന് ആസ്പദമായ സംഭവം. സ്കൂളിലെ ശുചിമുറിയിലും മറ്റൊരു വീട്ടിൽ വച്ചും അധ്യാപകനായ കെ.കെ പത്മരാജൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു പത്തു വയസുകാരിയുടെ പരാതി.
ഇപ്പോഴിതാ വിഷയത്തിൽ പത്മരാജനെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി ബൗദ്ധിക സെൽ കോ കൺവീനർ യുവരാജ് ഗോകുൽ . ഒരൊറ്റ ദിവസം കൊണ്ട് കേസ് പഠിച്ച് വിധി പറഞ്ഞ മഹത്തായ ജുഡീഷ്യറിക്ക് നമസ്കാരമെന്നും കൂട്ടത്തിലൊരുത്തനെ സുഡാപ്പികൾ കുടുക്കാൻ ശ്രമിക്കുമ്പോൾ വിട്ട് തരാൻ മനസ്സില്ലെന്നും ഇയാൾ ഫെയ്സ്ബുക്കിൽ കുറിച്ചു.
പീഡനക്കേസിൽ നിർണായകമായത് ശുചിമുറിയിലെ ടൈലുകളിൽ നിന്ന് കണ്ടെത്തിയ രക്തക്കറയാണ്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളിൽ നിന്ന് സാംപിൾ ശേഖരിച്ച് ഫൊറൻസിക് പരിശോധനയ്ക്കു അയച്ചിരുന്നു. ഈ പരിശോധനാ ഫലത്തിലാണ് ടൈലുകളിൽ രക്തക്കറ കണ്ടെത്തിയത്. പെൺകുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവുണ്ടായതിന്റെയും രക്തസ്രാവത്തെ തുടർന്ന് ചികിത്സ തേടിയതിന്റെയും വിവരങ്ങളും കോടതിയിൽ ഹാജരാക്കിയിരുന്നു.