തദ്ദേശ തിരഞ്ഞെടുപ്പിന്റെ ഭാഗമായി മനോരമ ന്യൂസ് നടത്തിയ ചർച്ചക്കിടെ ബിജെപി പാലക്കാട് ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനും സിപിഎം നേതാവ് ആർഷോയും ഏറ്റുമുട്ടിയിരുന്നു. പാലക്കാട് കോട്ട മൈതാനിയിൽ സംഘടിപ്പിച്ച ‘വോട്ടുകവല’യിൽ വച്ചാണ് ഇരുനേതാക്കളും പരസ്പരം കൊമ്പുകോർത്തത്. പിന്നാലെ സിപിഎം.-ബിജെപി പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് സംഘർഷം ഉണ്ടായി. ചർച്ചക്കിടെ പ്രശാന്ത് ശിവനും പി.എം. ആർഷോയും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിൽ എത്തുകയായിരുന്നു.
ഇതിന് പിന്നാലെ സിപിഎം പ്രശാന്ത് ശിവനെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഏതെങ്കിലും ഒരു വളവിൽ ഇരുട്ടത്ത് തന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി ഉണ്ടാവുമെന്നും അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണമെന്നും പറഞ്ഞ് കുറിപ്പിട്ടിരിക്കുകയാണ് പ്രശാന്ത് ശിവന്‍. സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബുവിനുള്ള മറുപടിയായിട്ടാണ് കുറിപ്പ്.
ഫെയ്സ്ബുക്ക് കുറിപ്പ്
സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു, ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിന് ഒരു മറുപടി പറയേണ്ടത് എന്റെ ചുമതലയാണ്. അതുകൊണ്ട് മാത്രമാണ് ഈ മറുപടി. "ഈ തരം നിലവാരം ഇല്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കരുത്" - സത്യമാണ്. "പെലച്ചി, നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരും" എന്ന് അലറി ഒരു ദളിത് പെൺകുട്ടിയുടെ അടിവയറ്റിൽ ചവിട്ടുന്നത്ര നിലവാരമില്ലാത്ത ആളുകളെ സത്യമായിട്ടും ചർച്ചയ്ക്ക് വിളിക്കാൻ പാടില്ലാത്തതാണ്. "ഗുണ്ടയെ പിടിച്ചു നേതാവാക്കിയാൽ ഇങ്ങനെ ഇരിക്കും"
ശരിയാണ്. മഹാരാജാസിലും, കോഴിക്കോട് യൂണിവേഴ്സിറ്റി ക്യാമ്പസിലും ഒക്കെ പൊതുജനം കണ്ടതാണ്, ഒരു ഗുണ്ടയെ പിടിച്ച് നേതാവാക്കിയാൽ അയാൾ എന്തൊക്കെയാണ് കാട്ടിക്കൂട്ടുക എന്ന്. "ഇയാളെ പോലെ ഉള്ളവരെ മാറ്റി നിർത്തണം" - ശരിക്കും വേണ്ടതാണ്. ഒരു ദളിത് സ്ത്രീയെ ജാതിപ്പേര് വിളിച്ച് അപമാനിച്ച ഒരുത്തനെ അറസ്റ്റ് ചെയ്യുക പോയിട്ട്, ഒന്ന് ശാസിക്കുക പോലും ചെയ്യാതെ അരിയിട്ട് വാഴിക്കാൻ സിപിഎമ്മിനെ പോലെ ഒരു ഉളുപ്പ്കെട്ട സംഘടനയ്ക്ക് മാത്രമേ സാധിക്കൂ.
"പ്രശാന്ത് ശിവൻ തീരെ സ്റ്റാൻഡേർഡ് ഇല്ലാത്ത നേതാവ്" - ശരിയാണ്, കമ്മികളുടെ നിലവാരം എനിക്കില്ല. ഞാൻ ഇന്നേവരെ ഒരാളെയും ജാതി പേര് വിളിച്ച് ആക്ഷേപിച്ചിട്ടില്ല.ഒരു സ്ത്രീയുടെയും അടിവയറ്റിൽ ചവിട്ടിയിട്ടില്ല. മാർക്ക് ലിസ്റ്റ് തിരുത്തി ഡിഗ്രി ഉണ്ടാക്കിയിട്ടില്ല. പരീക്ഷയിൽ കള്ളത്തരം കാണിച്ച് പിടിക്കപ്പെട്ടിട്ടില്ല.
അതുകൊണ്ട് കമ്മികളുടെ സ്റ്റാൻഡേർഡ് എനിക്കില്ല. ആ ഇല്ലായ്മയിൽ ആശ്വാസവും അഭിമാനവും ഉണ്ട് താനും. "ഞങ്ങളും പല ശേഷിയുള്ള പാർട്ടിയുള്ള നേതാവ്" അതറിയാം. ഒരാളോടും "ഛെ! പോ!!" എന്നുപോലും പറഞ്ഞിട്ടില്ലാത്ത ഒരു പാവം തയ്യൽക്കാരനെ കന്മഴു കൊണ്ട് വെട്ടിവീഴ്ത്തിയ മഹാനാണല്ലോ നിങ്ങളുടെ ഇപ്പോഴത്തെ അനിഷേധ്യ നേതാവ്. ആ ശേഷി നിങ്ങൾക്ക് എന്നും ഉണ്ടാവും എന്നറിയാം. പക്ഷേ, " മഹാമംഗളയും പുണ്യഭൂമിയുമായ അമ്മേ, നിനക്കുവേണ്ടി ആയിരിക്കട്ടെ എന്റെ മരണം" എന്ന് ദിവസവും പ്രാർത്ഥിച്ചു പുറപ്പെടുന്നവരാണ് ഞങ്ങൾ. ഏതെങ്കിലും ഒരു വളവിൽ ഇരുട്ടത്ത് എന്നെയും കാത്ത് കമ്മ്യൂണിസ്റ്റ് കാപാലികന്മാരുടെ കത്തി കാത്തിരിക്കുന്നുണ്ടാവും എന്ന് അറിയാം. അത് അറിഞ്ഞുകൊണ്ടുതന്നെയാണ് ഈ പ്രയാണം.
നന്ദി. നല്ല നമസ്കാരം.