അമ്മയുടെയും മകളുടെയും ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് മലപ്പുറം എടപ്പാള്‍ മാണൂർ ഗ്രാമം. ഇന്നലെ രാവിലെ ഏഴോടെയാണ് പറക്കുന്നിലെ അനിതകുമാരിയെ വീടിനു മുൻവശത്തെ മരത്തിൽ, കൈ ഞരമ്പ് മുറിച്ച ശേഷം തൂങ്ങിയ നിലയിൽ നാട്ടുകാർ കണ്ടെത്തിയത്. ഓട്ടിസമുള്ള മകളെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങിമരിക്കുകയായിരുന്നു.
ഒരു വർഷം മുൻപാണ് അനിതകുമാരിയുടെ ഭർത്താവ് ഗോപാലകൃഷ്ണൻ മരിച്ചത്.ഇതോടെ മാനസികമായി തളർന്ന അനിതകുമാരി ആരുമായും കൂടുതൽ അടുപ്പം പുലർത്തിയിരുന്നില്ല. എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന മകൻ വൈകിട്ടോടെ ജോലിക്കു പോയിരുന്നു. പോകുമ്പോൾ പതിവിലധികം സ്നേഹം പ്രകടിപ്പിച്ചിരുന്നതായി മകൻ ഓർക്കുന്നു.
പിന്നീട് പുലർച്ചെ ഒന്നരയോടെ വിളിച്ച്, രാവിലെ ഭക്ഷണം കഴിച്ച ശേഷം വന്നാൽ മതിയെന്ന് മകനോട് പറയുകയും ചെയ്തു. രാവിലെയാണ് ദുരന്തവാർത്ത നാട്ടുകാരെയും ബന്ധുക്കളെയും തേടിയെത്തുന്നത്. മകനും ബന്ധുക്കൾക്കുമായി എഴുതിയ ആത്മഹത്യക്കുറിപ്പ് വീടിനകത്തുനിന്ന് പൊലീസ് കണ്ടെടുത്തു.