മലയാളികളുടെ 'ഹെലന്‍ കെല്ലര്‍' എന്നറിയപ്പെടുന്ന സിഷ്ണ ആനന്ദ് സംസ്ഥാന ഭിന്നശേഷി പുരസ്കാര നിറവില്‍. പൂര്‍ണമായും കാഴ്ചയും കേള്‍വിയും സംസാരശേഷിയുമില്ലാത്ത സിഷ്ണ പ്രതിസന്ധികള്‍ ചവിട്ടുപടികളാക്കി ജീവിതത്തോട് പൊരുതി ജയിച്ചവരുടെ പ്രതീകമാണ്. എട്ടാം ക്ലാസിലെ പാഠപുസ്തകത്തില്‍ "മലയാളികളുടെ ഹെലന്‍ കെല്ലര്‍" എന്ന് സിഷ്ണയെ വിശേഷിപ്പിച്ചത് അതുകൊണ്ടാണ്.
തലശേരി പൊന്ന്യത്തെ ആനന്ദ് കൃഷ്ണന്‍റെയും പ്രീതയുടേയും ആദ്യത്തെ കണ്‍മണി. മാസം തികയാതെ പ്രസവിച്ച കുഞ്ഞിന് കാഴ്ചയും കേള്‍വിയും സംസാരശേഷിയുമുണ്ടാകില്ലെന്ന് 33 വര്‍ഷം മുമ്പ് ഈ മാതാപിതാക്കള്‍ ചിന്തിച്ചതേയില്ല. കരഞ്ഞ് തള്ളിനീക്കിയ നാളുകള്‍ ഏറെയുണ്ടായിരുന്നു. ഇപ്പോള്‍ അതേ മകളെയോര്‍ത്ത് അഭിമാനം കൊള്ളുന്നു മാതാപിതാക്കള്‍. സിഷ്ണയെ തേടിയെത്തിയ ഭിന്നശേഷി പുരസ്കാരം അതിന്‍റെ മാറ്റുകൂട്ടി.
ഇരുട്ടല്ല, പ്രകാശം തന്നെയാണ് സിഷ്ണയുടെ കണ്ണിനുള്ളില്‍. നിശ്ചയദാര്‍ഢ്യമാണ് കൈമുതല്‍. കരവിരുതില്‍ അവള്‍ പണിതുണ്ടാക്കിയത് കാഴ്ചയുള്ളവരുടെ കണ്ണുതള്ളിക്കും. പൂക്കളും പഴവര്‍ഗങ്ങളുമെല്ലാം ഈ കൈകള്‍ നിര്‍മിച്ചവ. പ്രശസ്തരായ നിരവധി പേരുടെ നൂല്‍ചിത്രങ്ങള്‍ വേറെ. 33 വര്‍ഷത്തിനിടെ സിഷ്ണ പലതും പഠിച്ചു. കമ്പ്യൂട്ടറിന്‍റെയും ബ്രെയില്‍ ലിപിയുടെയും സഹായത്തോടെ അവള്‍ സംസാരിക്കും.
പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ട് സിഷ്ണ അംഗീകാരങ്ങള്‍ ഏറെ ഏറ്റുവാങ്ങി. നര്‍ത്തകിയായും അഭിനേത്രിയായും തിളങ്ങി. മുംബൈ ഹെലന്‍കെല്ലര്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ ഹെലന്‍ കെല്ലറായി നാടകത്തില്‍ വേഷമിട്ടത് സിഷ്ണയായിരുന്നു. ഒടുവില്‍ അതേ പേരില്‍ ഇന്ന് സിഷ്ണ തിളങ്ങുന്നു. നാല് വര്‍ഷം മുമ്പ് അവളുടെ ജീവിതം 'കണ്‍മണി' എന്ന പുസ്തകവുമായി. തന്‍റെ സ്വപ്നങ്ങളില്‍ കൂടെ നടക്കാന്‍ ഇനിയൊരു കൂട്ടുവേണമെന്ന ആഗ്രഹമാണ് ബാക്കി.