ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ദേവസ്വം മൾട്ടി സ്പെഷാലിറ്റി ആശുപത്രിക്കായി പതിനഞ്ച് കോടി രൂപയുടെ ചെക്കും ദേവസ്വത്തിനു കൈമാറി. ശ്രീകൃഷ്ണ കോളജ് മൈതാനത്ത് ഹെലികോപ്റ്ററിൽ വന്നിറങ്ങിയ മുകേഷ് അംബാനി റോഡ് മാർഗം തെക്കേ നടയിൽ ശ്രീവത്സം അതിഥി മന്ദിരത്തിനു മുന്നിലെത്തി. ദേവസ്വം ചെയർമാൻ ഡോ.വി.കെ. വിജയൻ, ഭരണ സമിതി അംഗം സി.മനോജ്, അഡ്മിനിസ്ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ ചേർന്ന് മുകേഷ് അംബാനിയെ സ്വീകരിച്ചു. 

തുടർന്ന് തെക്കേ നടപ്പന്തലിലൂടെ കിഴക്കേ ഗോപുര കവാടത്തിലെത്തി. പൊതു അവധി ദിനത്തിൽ സ്പെഷൽ ദർശന നിയന്ത്രണം ഉള്ളതിനാൽ 25 പേർക്കായി ശ്രീകോവിൽ നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയാണ് മുകേഷ് അംബാനി ക്ഷേത്രത്തിൽ പ്രവേശിച്ചത്. നാലമ്പലത്തിലെത്തി ഗുരുവായൂരപ്പനെ കണ്ട് തൊഴുത് പ്രാർഥിച്ചു.

സോപാനപടിയിൽ കാണിക്കയുമർപ്പിച്ചു. മേൽശാന്തിയിൽനിന്നു പ്രസാദവും ഏറ്റുവാങ്ങി. തുടർന്ന് ഉപദേവൻമാരെയും തൊഴുത് പ്രാർഥിച്ചു. കൊടിമര ചുവട്ടിലെത്തിയ അദ്ദേഹത്തിന് കളഭവും തിരുമുടി മാലയും പഴവും പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ പ്രസാദങ്ങൾ ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ നൽകി. ദേവസ്വത്തിന്റെ ഉപഹാരമായി ചുവർചിത്രവും സമ്മാനിച്ചു.

ENGLISH SUMMARY:

Mukesh Ambani visited Guruvayur Temple and donated to the Devaswom. The Reliance Industries Chairman offered a substantial contribution to support the Devaswom's multi-speciality hospital project.