ദർശന പുണ്യം തേടി ഗുരുവായൂരിൽ എത്തുന്ന ഭക്തർക്ക് സ്വന്തം മുഖപടം സമർപ്പിച്ച് ദർശനം എളുപ്പമാക്കാൻ അവസരം. കാലം മാറിയപ്പോൾ ആധുനിക രീതിയിലേക്ക് ക്ഷേത്ര ദർശന സംവിധാനങ്ങളും അടിമുടി മാറുന്നു. എന്താണ് മാറ്റമെന്ന് നോക്കാം.
ക്ഷേത്രനടയുടെ വിവിധ ഭാഗങ്ങളിലായി 12 കൗണ്ടറുകൾ സ്ഥാപിക്കും ഭക്തർക്ക് തിരക്ക് കൂട്ടാതെ ഇവിടെനിന്ന് ടോക്കൺ ലഭിക്കും. സ്കാനറിൽ മുഖം കാണിച്ചാൽ ഓരോ ഭക്തനേയും തിരിച്ചറിയുന്ന വിധത്തിൽ ഫോട്ടോ പതിഞ്ഞ ടോക്കൺ ആണ് ലഭിക്കുക. അതിൽ ദർശനത്തിനുള്ള സമയവും ഉണ്ട്. ഇപ്പോൾ ക്യൂ നിൽക്കുന്ന സ്ഥലങ്ങളെല്ലാം ഓരോ കംപാർട്ട്മെൻറ് ആയി തിരിക്കും ആദ്യത്തെ കംമ്പാർട്ട്മെൻറ് ഒന്നു മുതൽ 200 വരെയും രണ്ടാമത്തെ കംപാർട്ട്മെൻറ് 200 മുതൽ 400 വരെയും അങ്ങനെ ഓരോ കംപാർട്ട്മെന്റുകൾ കാണും.
ഈ കംപാർട്ട്മെന്റിലെ സ്ക്രീനുകളിൽ ടോക്കൺ നമ്പർ പ്രദർശിപ്പിക്കും. അപ്പോൾ ഉള്ളിലേക്ക് പ്രവേശിച്ചാൽ മതി. ക്യൂ നിൽക്കേണ്ട ആവശ്യവുമില്ല പുറത്തുപോയി വിശ്രമിക്കുകയും ചെയ്യാം. ഗുരുവായൂർ ദേവസ്വത്തിന്റെ ക്യൂ കോംപ്ലക്സ് പദ്ധതി വരുന്നതുവരെയുള്ള താൽക്കാലിക സംവിധാനമാണിത്. ഭക്തരുടെ ദർശനം എളുപ്പമാക്കാൻ ആണ് ഈ നടപടി.