കെഎസ്ആര്‍ടിസി ബസില്‍ യുവതിയെ കടന്നുപിടിച്ച് സഹയാത്രികന്‍. സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോയില്‍ യുവതിക്കുനേരെ ലൈംഗിക അതിക്രമം നടത്തുന്നത് വ്യക്തമായി കാണാന്‍ സാധിക്കും. യുവതിയുടെ അടുത്തിരുന്ന യാത്രക്കാരന്‍ തല മറച്ചുവെച്ച് സ്വകാര്യ ഭാഗത്ത് പിടിക്കുകയായിരുന്നു. സഹയാത്രികന്‍റ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ യുവതി കൈ മാറ്റിയ ശേഷം അക്രമിയുടെ മുഖത്തടിക്കുകയും ബഹളം വെക്കുകയും ചെയ്തു. തിരുവനന്തപുരം വെള്ളറട ഡിപ്പോയിലെ ബസില്‍ കാട്ടാക്കട ഭാഗത്തു വച്ചാണ് സംഭവം.
ഇങ്ങനെയാണോ ബസില്‍ പെരുമാറേണ്ടതെന്ന് ചോദിച്ച യുവതി, തനിക്ക് അതിക്രമം നേരിട്ടുവെന്നും അപാനിച്ചയാളെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടു, എന്നാല്‍ അതേ സമയം ബസിലുണ്ടായിരുന്ന ആരും പ്രതികരിക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് കണ്ടക്ടര്‍ യുവതിയുടെ സമീപത്തേയ്ക്ക് എത്തി കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. തുടര്‍ന്ന് ബസ് നിര്‍ത്തി ഉപദ്രവിച്ചയാളെ ഇറക്കിവിട്ടു.
യുവതിക്ക് പരാതി ഇല്ലാത്തതിനാലാണ് പൊലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നാണ് കെഎസ്ആര്‍ടിസി അധികൃതര്‍ പറയുന്നത്. കാട്ടാക്കട പൊലീസില്‍ ഇതുവരെ പരാതി ഒന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരം – വെള്ളറട റൂട്ടിലെ ബസിലായിരുന്നു സംഭവം. ഇരുവരും കാട്ടാക്കടയിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.