കേരളം അതിദാരിദ്ര മുക്തമെന്ന പ്രഖ്യാപനം അടിസ്ഥാന രഹിതമെന്ന് നജീബ് കാന്തപുരം എം.എല്‍.എ. മലപ്പുറം പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ മാത്രം നൂറില്‍ അധികം അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് എംഎല്‍എ പറഞ്ഞു. താഴേക്കോട് പഞ്ചായത്തിലെ കുടിലുകളില്‍ കഴിയുന്നവരുടെ വീട്ടിലെത്തിയാണ് എംഎല്‍എ സര്‍ക്കാരിന്‍റെ അവകാശവാദം പൊളിക്കുന്നത്.
കഴിഞ്ഞ മൂന്നും നാലും അഞ്ചും വര്‍ഷമായി ഇതേ കുടിലുകളില്‍ കഴിയുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങളാണിത് .വീടു നിര്‍മാണത്തിന് സര്‍ക്കാര്‍ അനുവദിച്ച ഫണ്ടില്‍ അവസാനഗഡു ലഭിക്കാത്തതുകൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാവാത്ത ഗതികേടിലാണിവര്‍.
പഞ്ചായത്ത് പുറംപോക്കില്‍ കുടില്‍ വച്ചു കെട്ടിയാണ് കുന്നുമ്മല്‍ ഉന്നതിയിലെ രാമചന്ദ്രനും കുടുംബവും ഇന്നും കഴിയുന്നത്. വീടു നിര്‍മാണത്തിനായി ലഭിക്കേണ്ട അവസാന ഗഡുവായ ഒരു ലക്ഷം രൂപ കിട്ടുന്നത് അനന്തമായി നീളുന്നതാണ് ഈ കുടുംബത്തിന്‍റെ പുതിയ വീടെന്ന സ്വപ്നത്തിന് തടസമാകുന്നത്.
കാലിക്കറ്റ് സര്‍വകലാശായിലെ ഡവലപ്മെന്‍റ് സ്റ്റഡീസ് വിദ്യാര്‍ഥികള്‍ തയാറാക്കിയ പഠന റിപ്പോര്‍ട്ടുമായാണ് നജീബ് കാന്തപുരം എം.എല്‍എ വീടുകളില്‍ എത്തിയത്. കുന്നുമ്മല്‍ ഉന്നതിയിലെ പല വീടുകളിലേയും സ്ഥിതി അതിദയനീയമാണ്.