ദിവസങ്ങള്‍ക്കുള്ളില്‍ ഇന്‍സ്റ്റഗ്രാമിൽ ഹിറ്റായ ഡാന്‍സ് കളിക്കുന്ന ഹസ്‌ക്കി എന്ന നായയെ ട്രെൻഡിങ് ആക്കിയത് വിദേശിയല്ല ഒരു മലയാളിയാണ്. കോട്ടയം വൈക്കം വാഴമന മാണിക്കത്തറയിൽ അര്‍ജുന്‍ ആണ് ഹസ്‌ക്കി വിഡിയോയുടെ സ്രഷ്ടാവ്.വിശാല്‍ നായകനായ തമിഴ് ചിത്രം വെടിയിലെ 'ഇച്ച് ഇച്ച്' എന്ന പാട്ടിന് ചുവടുവെക്കുന്ന ഹസ്‌കിയുടെ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണ് ഹസ്കി ഡാൻസ് ഹിറ്റായത്.
ആദ്യദിവസം ഒറ്റരാത്രി കഴിഞ്ഞപ്പോൾ പത്തു ലക്ഷത്തിലധികം പേരാണ് കണ്ടത്. പിന്നീട് ഹസ്‌കി ഡാന്‍സ് ഡെയ്ലി' എന്ന പേജിലൂടെ പതിനാറു വീഡിയോ വരെ പോസ്റ്റ് ചെയ്ത് അർജുൻ ഞെട്ടിച്ചു. വെടി എന്ന സിനിമയുടെ സംഗീത സംവിധായകനായ വിജയ് ആന്‍റണിയും, നടന്‍ വിശാലിനോടൊപ്പം ഡാന്‍സ് കളിച്ച നടി സമീറ റെഡ്ഡിയും സന്ദേശം അയക്കുകയും വീഡിയോ പങ്കുവയ്ക്കുകയും ചെയ്തതോടെ അർജുന്‍റെ സന്തോഷം ഇരട്ടിയായി. സമീറ റെഡ്ഡി അർജുന് സന്ദേശം അയക്കുകയും ചെയ്തു.
വൈറല്‍ വീഡിയോക്ക് പിന്നില്‍ താനാണെന്ന് വെളിപ്പെടുത്താന്‍ ആദ്യം അർജുന് ആഗ്രഹമില്ലായിരുന്നു. ഒരു വീഡിയോയുടെ വിവരണത്തില്‍ മലയാളം ചേര്‍ത്തപ്പോഴാണ് ആളുകള്‍ക്ക് ഹസ്‌കിക്ക് പിന്നിൽ മലയാളിയാണെന്ന് മനസ്സിലായത്. വൈക്കം കൊച്ചുകവലയിലെ സ്വകാര്യ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരനാണ് അര്‍ജുന്‍.