neethu-vijayn

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോര്‍പ്പറേഷനിലേയ്ക്ക് വഴുതക്കാട് വാര്‍ഡിലേയ്ക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് നീതു വിജയനാണ്. മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും പാലക്കാട് എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരസ്യമായി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടിരുന്നു നീതു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ നീതുവിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചിരിക്കുന്ന പോസ്റ്ററാണ്.

‘മെസി വരില്ല, പക്ഷെ നീതുവരും വഴുതക്കാട്’; എന്നാണ് പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്. കേരളത്തിലേയ്ക്ക് മെസി വരുമോ ഇല്ലയോ എന്ന ചര്‍ച്ചകള്‍ക്കിടയിലാണ് ഈ പോസ്റ്റര്‍ വൈറലായിരുക്കുന്നത്. 48 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് പ്രഖ്യാപിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ നീതു പോസ്റ്റിട്ടത് അന്ന് സൈബറിടത്തും കോണ്‍ഗ്രസിനുള്ളിലും വലിയ ചര്‍ച്ചയായിരുന്നു

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നീതു അന്ന് ഇട്ട പോസ്റ്റിലെ പ്രസക്ത ഭാഗങ്ങള്‍

ആത്മാഭിമാനമുള്ള ഒരു വനിതാ നേതാവിനും പൊതുസമൂഹത്തില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതിയായെന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ നീതുവിജയന്‍ സാമൂഹികമാധ്യമത്തിലൂടെ വ്യക്തമാക്കിയത്. രാഹുല്‍മാങ്കൂട്ടത്തിലിനെ പിന്തുണച്ച രമേഷ് പിഷാരടിയെ വിമര്‍ശിച്ചുകൊണ്ടുള്ള സോഷ്യല്‍ മീഡിയ പോസ്റ്റിലാണ് നീതു ഇക്കാര്യം പറഞ്ഞത്. ഒരു യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ് എന്ന നിലയില്‍ ഞങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പിഷാരടിയെപ്പോലുള്ളവര്‍ക്ക് പറഞ്ഞാല്‍ മനസ്സിലാകില്ല. പൊതുസമൂഹത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണ് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ഞങ്ങളുടെ പ്രസ്ഥാനത്തില്‍ ഉള്ള ഓരോരുത്തര്‍ക്കും നേരെ ഉയരുന്ന ആരോപണങ്ങള്‍ ഞങ്ങളെയും ബാധിക്കുന്നതാണ് എന്ന് നിങ്ങള്‍ ഓര്‍ക്കണം. രാഹുല്‍ മാങ്കൂട്ടം ഈ ആരോപണങ്ങള്‍ ഒന്ന് നിഷേധിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് തല ഉയര്‍ത്തി നടക്കാമായിരുന്നു. ഈ ആരോപണങ്ങള്‍ തെറ്റാണെന്ന് സധൈര്യം വിളിച്ചു പറയാന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എ ക്ക് എന്തുകൊണ്ട് ഇപ്പോഴും സാധിക്കുന്നില്ല എന്ന് വളരെ ആശങ്കയോടെ നോക്കിക്കാണുന്ന ഒരു സഹപ്രവര്‍ത്തകയാണ് ഞാന്‍. സഹപ്രവര്‍ത്തക സ്‌നേഹയ്ക്കും ഉമാ തോമസ് എംഎല്‍എയ്ക്കും എന്തിനേറെ പ്രിയപ്പെട്ട കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ എംപിയുടെ പത്‌നിക്ക് നേരെ പോലും ഉണ്ടായ സൈബര്‍ അറ്റാക്കുകള്‍ കണ്ട് ഭയന്നു തന്നെയാണ് ഇത്രയും നാള്‍ വനിതകള്‍ മൗനിയായത്. ഇനിയും നിശബ്ദത പാലിച്ചാല്‍ പല കഴുകന്മാരുടെയും കണ്ണുകള്‍ പുതിയ നിരയിലെ പെണ്‍കൊടികള്‍ക്ക് നേരെ തിരിയും എന്ന ബോധ്യം കൊണ്ട് തന്നെയാണ് ഇതെഴുതുന്നതെന്നും നീതു പറഞ്ഞിരുന്നു.

ENGLISH SUMMARY:

Neethu Vijayan is contesting in the local body elections from Vazhuthacaud ward in Thiruvananthapuram. Her viral election poster and previous statements against Rahul Mamkootathil have garnered significant attention.