യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ വോട്ട് വെട്ടിയതിലൂടെ ശ്രദ്ധേയമായ തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡില്‍ താരപ്രചാരകരെ ഇറക്കി കളം പിടിക്കാന്‍ സി.പി.എം. വിവാദം യു.ഡി.എഫ് സ്ഥാനാര്‍ഥിക്ക് അനുകൂല വികാരം ഉണ്ടാക്കിയെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണിത്. വട്ടിയൂര്‍ക്കാവ് എം.എല്‍.എ വി.കെ പ്രശാന്താണ് ഇന്ന് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംശു വാമദേവിനൊപ്പം പ്രചാരണത്തിന് ഇറങ്ങിയത്.
മുന്‍മേയറും വട്ടിയൂര്‍കാവ് എം.എല്‍.എയുമായ വി.കെ പ്രശാന്ത് മുട്ടടയില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അംശു വാമദേവനൊപ്പം വീട് കയറി പ്രചാരണം നടത്തുകയാണ്. തിരഞ്ഞെടുപ്പിന് മുമ്പ് സി.പി.എമ്മിന്‍റെ ഉറച്ച സീറ്റായി കരുതിയിരുന്ന മുട്ടടയില്‍ ഇങ്ങനെ പ്രചാരണം നടത്തേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടായതിന് ഒറ്റക്കാരണമേയുള്ളൂ. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വൈഷ്ണയുടെ വോട്ട് വിവാദം. സി.പി.എം നല്‍കിയ പരാതിയില്‍ വൈഷ്ണയുടെ വോട്ട് വെട്ടുകയും അതിലൂടെ സ്ഥാനാര്‍ത്ഥിത്വം ത്രിശങ്കുവിലാവുകയും ഹൈക്കോടതി ഇടപെടലില്‍ വോട്ട് പുന:സ്ഥാപിക്കേണ്ടി വന്നതുമൊക്കെ മുട്ടടയില്‍ മാത്രമല്ല കേരളമാകെ ചര്‍ച്ചയായി. ഇത് വൈഷ്ണക്ക് അനുകൂലമായ വികാരമുണ്ടാക്കിയെന്നും മത്സരം കടുത്തതാക്കിയെന്നുമാണ് പൊതുവികാരം. ഇതേതുടര്‍ന്നാണ് പ്രമുഖ നേതാക്കളെ തന്നെ രംഗത്തിറക്കി പ്രചാരണം ശക്തമാക്കുന്നത്. തന്‍റെ പ്രചാരണത്തിന് വിവാദവുമായി ബന്ധവുമൊന്നുമില്ലെന്നാണ് പ്രശാന്ത് പറയുന്നത്.
ആത്മവിശ്വസം പ്രകടിപ്പിക്കുമ്പോഴും മുട്ടടയില്‍ അനായാസ ജയം അസാധ്യമാണെന്ന യാഥാര്‍ഥ്യം സി.പി.എമ്മിനുണ്ട്. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസും സി.പി.എമ്മുമായുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി മത്സരം മാറിയിട്ടുണ്ട്.