മുണ്ടുടുത്തും സെറ്റ് സാരിയണിഞ്ഞും മലയാളത്തനിമയോടെ കേരളപ്പിറവി ആഘോഷിച്ച് ജർമനി സ്വദേശികളായ ഒരു കൂട്ടം വിദ്യാർഥികൾ. ഒപ്പനയും മാർഗംകളിയും ക്ലാസിക്കൽ ഡാൻസും ജർമൻ വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി. ചങ്ങനാശ്ശേരി സേക്രഡ് ഹാർട്ട് സ്കൂളാണ് വിദേശ വിദ്യാർഥികളെ കൂടി ചേർത്ത് പിടിച്ച് ആഘോഷം സംഘടിപ്പിച്ചത്.
മലയാളത്തനിമ വിളിച്ചോതുന്ന കലകളെല്ലാം അരങ്ങിലെത്തിയപ്പോൾ ജർമൻ വിദ്യാർഥികളും ചുവട് വയ്ക്കാൻ മടിച്ചില്ല. ഓരോന്നും എന്തെന്നറിയണം. വ്യക്തമാക്കാൻ മലയാളി കുട്ടികൾക്കും ഉത്സാഹം. സാരിയും മുണ്ടുമുടുത്ത് നടക്കാൻ ആദ്യമല്പം ബുദ്ധിമുട്ടിയെങ്കിലും മിനിറ്റുകൾക്കുള്ളിൽ 12 പേരും വസ്ത്രങ്ങളിൽ സെറ്റായി. ഡ്രസ്സിന് ചേരുന്ന ട്രഡീഷണൽ കമ്മലും മാലയും അണിയാനും മറന്നില്ല. കസേരകളിയും ടാസ്കുകളും ജർമൻ വിദ്യാർഥികൾക്ക് ആവേശമായി.
ചങ്ങനാശ്ശേരി എസ്.എച്ച് സ്കൂൾ സംഘടിപ്പിച്ച മലയാള സംസ്കാരം പകർന്നു നൽകുന്ന പ്രത്യേക പ്രോഗ്രാമിൽ പങ്കെടുക്കാനാണ് ജർമൻ വിദ്യാർഥികൾ കേരളത്തിലെത്തിയത്. സ്കൂൾ പ്രിൻസിപ്പൽ ജെയിംസ് ആന്‍റണിയുടെയും അസോസിയേറ്റ് മാനേജർ ഫാ. ഷിജോ പുത്തൻപറമ്പിലിന്റെയും നേതൃത്വത്തിലായിരുന്നു പരിപാടി.