devanandha-home

സംസ്ഥാന സ്കൂള്‍ ഒളിംപിക്സില്‍ ഇരട്ട സ്വര്‍ണം സ്വന്തമാക്കിയ ദേവനന്ദ പി ബിജുവിന് വീടൊരുങ്ങുന്നു. കോഴിക്കോട് മേപ്പയ്യൂരില്‍ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വീടിന് തറക്കല്ലിട്ടു. ദേവനന്ദയെ പോലെ ദുരിതം അനുഭവിക്കുന്ന മറ്റ് കുട്ടികളെയും സര്‍ക്കാര്‍ സഹായിക്കുമെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. 

അപ്പന്‍റിസൈറ്റിസിന്‍റെ കടുത്ത വേദന സഹിച്ച് ട്രാക്കില്‍ റെക്കോര്‍ഡ് തിരുത്തിയ ദേവനന്ദ ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയിലിരുന്ന് വീഡിയോ കോളിലൂടെയാണ് തറക്കല്ലിടല്‍ ചടങ്ങ് കണ്ടത്.  സംസ്ഥാന സ്കൂള്‍ ഒളിംപിക്സില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫ് ഹയര്‍ സെക്കഡറി സ്കൂളിനായി ദേവനന്ദ ഓടിയെടുത്തത് 100,200 മീറ്ററുകളില്‍ സ്വര്‍ണം. വീടില്ലാത്ത ദേവനന്ദക്ക് അന്ന് നല്‍കിയ വാക്കാണ് വിദ്യാഭ്യാസമന്ത്രി പാലിക്കുന്നത്. 

വീടൊരുങ്ങുന്നതിന്‍റെ സന്തോഷത്തിലാണ് ദേവനന്ദയുടെ അച്ഛനും അമ്മയും. വീട് നിര്‍മ്മിക്കാന്‍ അഞ്ച് സെന്‍റ് സ്ഥലം വിട്ടു നല്‍കിയത് നാട്ടുകാരനായ കൊട്ടിലോട്ട് ശ്രീധരനാണ്. ദേവനന്ദക്ക് ഇനിയും ഉയരങ്ങള്‍ കീഴക്കാന്‍ കഴിയട്ടെയെന്ന് ഈ നാടും ആശംസിക്കുന്നു. പൊതു വിദ്യാഭ്യസ വകുപ്പിന് കീഴിലുള്ള സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് ആണ് ദേവനന്ദക്കായി വീട് ഒരുക്കുന്നത്.