drinking

തിരുവനന്തപുരം വർക്കലയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽനിന്ന് മദ്യപൻ  ചവിട്ടി പുറത്തേക്കിട്ട ശ്രീക്കുട്ടി ജീവനോടു പൊരുതുമ്പോൾ ചോദ്യമുനയിലാകുന്നത് റെയിൽവേ സുരക്ഷ മാത്രമല്ല. നിയമപ്രകാരം, ട്രെയിനിൽ മദ്യപിച്ചു യാത്ര ചെയ്യുന്നത് കുറ്റകരമാണ്. ട്രെയിനിൽ മാത്രമല്ല കേരളത്തിലെവിടെയും മദ്യപിച്ച്  പൊതുഗതാഗതസംവിധാനങ്ങളിലോ പൊതുസ്ഥലത്തോ യാത്ര ചെയ്യുന്നത് കുറ്റകരമാണ്.  ഈ നിയമങ്ങളൊന്നും കൃത്യമായി പാലിക്കപ്പെടുന്നില്ലെന്നു മാത്രം. 

ട്രെയിൻ യാത്രക്കാർ സ്ഥിരം പരാതി ഉയർത്തുന്ന പ്രശ്നമാണ് മദ്യപിച്ച സഹയാത്രികരുടെ ശല്യം.  1989ലെ റെയിൽവേ ആക്ട് സെക്ഷൻ 145 പ്രകാരം മദ്യമോ മറ്റു ലഹരിവസ്തുക്കളോ ഉപയോഗിച്ച് ട്രെയിനിൽ യാത്ര ചെയ്യുന്നത് നിരോധിച്ചിരിക്കുന്ന കുറ്റമാണ്. പിടിക്കപ്പെട്ടാൽ റെയിൽവേ ജീവനക്കാർക്ക് ഉടനേ ഇത്തരം യാത്രക്കാരെ ട്രെയിനിൽ നിന്നു പുറത്താക്കാം. ടിക്കറ്റ് റദ്ദാക്കുകയും ചെയ്യും.  കുറ്റം തെളിയിക്കപ്പെട്ടാൽ ആറ് മാസം വരെ തടവും പിഴയും ലഭിക്കുകയും ചെയ്യുമെന്നും നിയമമുണ്ടെങ്കിലും ഇതൊന്നും നടപ്പാക്കപ്പെടുന്നില്ല. 

ഇനി ട്രെയിനിൽ മാത്രമല്ല, പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു യാത്ര ചെയ്യുന്നവരുടെ കാര്യമെടുക്കാം. ഭാരതീയ ന്യായ് സംഹിത 355ാം വകുപ്പ് പ്രകാരം മദ്യപിച്ചു പൊതുസ്ഥലത്തു മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ പെരുമാറുന്നത് കുറ്റകരമാണ്. 24 മണിക്കൂർ തടവോ ആയിരം രൂപ പിഴയോ  സാമൂഹ്യസേവനമോ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

കേരളത്തിൽ കൂടുതൽ കർക്കശമായ നിയമങ്ങൾ ഇക്കാര്യങ്ങളിലുണ്ട്. കേരളത്തിൽ  അബ്കാരി ആക്റ്റ് പ്രകാരവും പൊലീസ് ആക്റ്റ് പ്രകാരവും പൊതുഗതാഗതസംവിധാനത്തിൽ മദ്യപിച്ചു യാത്ര ചെയ്യുന്നത് കുറ്റകരമാണ്. പൊലീസ് ആക്റ്റ് 2011, സെക്ഷൻ 118 എ പ്രകാരം മദ്യമോ ലഹരിവസ്തുക്കളോ ഉപയോഗിച്ച് മറ്റുള്ളവർക്ക് ശല്യമാകുന്ന തരത്തിൽ പൊതുസ്ഥലത്ത് വരുന്നത് കുറ്റകരമാണ്. സ്വയം നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയിൽ മദ്യപിച്ച് പൊതുസ്ഥലത്തെത്തിയാലും പൊലീസിന് കേസെടുക്കാം. മൂന്നു കൊല്ലം വരെ തടവും പതിനായിരം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

അബ്കാരി നിയമം 15 C പ്രകാരം പൊതുസ്ഥലങ്ങളിൽ മദ്യപിക്കുന്നത് കുറ്റകരമാണ്. അയ്യായിരം രൂപ പിഴയോ രണ്ടു വർഷം തടവോ ലഭിക്കാവുന്ന കുറ്റമാണിത്. പൊതുസ്ഥലങ്ങളിൽ മദ്യപിച്ചു യാത്ര ചെയ്യുന്നത് വിലക്കുന്ന പ്രത്യേക നിയമങ്ങളും നിലവിലുണ്ട്. കൊച്ചി മെട്രോയിൽ മദ്യപിച്ച നിലയിൽ യാത്ര ചെയ്യുന്നത് മെട്രോ റെയിൽവേ ആക്റ്റ് 2002 പ്രകാരം 500 രൂപ പിഴയോ ജയിൽ വാസമോ ലഭിക്കാവുന്ന കുറ്റമാണ്. മദ്യക്കുപ്പികൾ മെട്രോയിൽ കയറ്റുന്നതും കുറ്റമാണ്.

പൊതുസ്ഥലത്ത് മദ്യപിച്ച നിലയിൽ കാണപ്പെടുന്നു എന്നതുകൊണ്ടു മാത്രം ഒരാളെ ശിക്ഷിക്കാനാകില്ലെന്നും അയാൾ സ്വന്തം നിയന്ത്രിക്കാൻ കഴിയാത്ത നിലയിലായിരിക്കുകയോ മറ്റാളുകൾക്ക് ശല്യമുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയോ ചെയ്താലേ കുറ്റം നിലനിൽക്കൂവെന്ന് കേരളാ ഹൈക്കോടതി വിധിച്ചിട്ടുണ്ട്. പക്ഷേ ഇത്തരത്തിൽ  കുറ്റകരമായ രീതിയിൽ പെരുമാറുന്നവർക്കെതിരെ പോലും കൃത്യമായ നടപടിയെടുക്കുന്നത് അപൂർവമാണ്. അതുകൊണ്ടു തന്നെ മദ്യപൻമാർ പൊതുസ്ഥലങ്ങളിൽ സ്വതന്ത്രമായി വിഹരിക്കുകയും ശ്രീക്കുട്ടിയെപ്പോലുള്ളവരുടെ ജീവൻ അപകടത്തിലാക്കുകയും ചെയ്യുമ്പോൾ നിയമവ്യവസ്ഥയും പ്രതിക്കൂട്ടിൽ കയറുന്നു.

ENGLISH SUMMARY:

Drunk passenger in train are posing a great safety issue to the commuters. Existing laws against public intoxication and railway alcohol consumption are often not strictly enforced, leading to dangerous situations like the incident involving Sreekutty, highlighting the need for stricter enforcement and railway passenger safety.