ep-jayarajan

TOPICS COVERED

സി പി എം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്റെ ആത്മകഥ ഇന്ന് പുറത്തിറങ്ങുന്നു. ഇതാണെൻ്റെ ജീവിതം എന്ന് പേരിട്ട ആത്മകഥ കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ, കഥാകൃത്ത് ടി പത്മനാഭന് നൽകിയാണ് പ്രകാശനം ചെയ്യുക. സമീപകാലത്ത് വിവാദങ്ങളിലൂടെ സഞ്ചരിച്ച ഇ.പിയുടെ എഴുത്തിലെന്താണെന്ന് അറിയാൻ ആകാംക്ഷയിലാണ് രാഷ്ട്രീയ കേരളം.

ചെങ്കൊടിയേന്തി നടന്നൊരു ബാല്യമുണ്ട്. ചെങ്കൊടിയുടെ തണലിൽ വളർന്ന ചരിത്രമുണ്ട്. ക്രൂരമായ പൊലീസ് വേട്ട നേരിട്ട ഓർമകളുണ്ട്. ഇന്നും അതിന്റെ വേദന പേറുന്നുണ്ട്. സമര പോരാട്ടങ്ങളുടെ തീക്ഷ്ണമായ അനുഭവങ്ങളുമുണ്ട്. സംഭവ ബഹുലമായ രാഷ്ട്രീയ യാത്രയിൽ സി പി എമ്മിന്റെ ജില്ലാ സെക്രട്ടറി, വ്യവസായ- കായിക വകുപ്പ് മന്ത്രി, എല്‍ഡിഎഫ് കൺവീനർ തുടങ്ങി കേന്ദ്ര കമ്മിറ്റി അംഗം വരെയുള്ള വഴികളിലൂടെ സഞ്ചരിച്ചവനാണ് ഇപി. 

ആ ജീവിതത്തെ തൊട്ടറിയുന്നതാകും ഇപിയുടെ ആത്മകഥ. 11 മാസം മുമ്പ് പാലക്കാട് ഉപതിരഞ്ഞെടുപ്പ് ദിവസമാണ് 'കട്ടൻ ചായയും പരിപ്പുവടയും , ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം ' എന്ന പേരിൽ ഒരു ആത്മകഥയുടെ ഭാഗങ്ങൾ പുറത്തിറങ്ങിയത്. ഇപി ജയരാജന്റെ പേരു വെച്ചുള്ള ആത്മകഥ ഡി.സി ബുക്സിൽ നിന്നാണ് ചോർന്നത്.

ഉപതിരഞെടുപ്പ് ദിവസം പുറത്തുവന്ന പതിപ്പിൽ എല്‍ഡിഎഫ് സ്ഥാനാർഥി പി സരിനെതിരെയുള്ള ഭാഗങ്ങൾ ഇ.പി യെയും സി പി എമ്മിനെയും പിടിച്ചുകുലുക്കുന്നതായിരുന്നു. ഇത് എന്റെയല്ല, എന്റെ ആത്മകഥ ഇങ്ങനെയല്ല എന്ന് ഇപി നൂറുവട്ടം പറഞെങ്കിലും വിവാദം ഇപിയെ വിടാതെ പിന്തുടർന്നു. 

ഡി സി ബുക്സിനെതിരെ നിയമപോരാട്ടം വരെ എത്തിയ ശേഷം മാതൃഭൂമി ബുക്സുമായി കരാറിലെത്തിയാണ് ഒടുവിൽ ഇ.പി തന്റെ ആത്മകഥ പുറത്തിറക്കുന്നത്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ഉണ്ടെന്നോ ഇല്ലെന്നോ ഇ.പി ജയരാജൻ പറയുന്നില്ല. വിവാദ നായകന്റെ പുസ്തകം സിപിഎം പരിശോധിച്ച ശേഷമാണ് പുറത്തിറക്കുന്നത്.

ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചാ വിവാദം, മന്ത്രി പദവി, എല്‍ഡിഎഫ് കൺവീനർ സ്ഥാനങ്ങളിൽ നിന്നുള്ള പടിയിറക്കം, റിസോർട്ട് വിവാദം , സിപിഎം പരിപാടികളിൽ നിന്ന് വിട്ടു നിന്ന സാഹചര്യങ്ങൾ തുടങ്ങി സമീപകാല വിവാദങ്ങൾ പുസ്തകത്തിലുണ്ടോ എന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. 

ENGLISH SUMMARY:

EP Jayarajan's autobiography release has become a major talking point in Kerala politics. The book, titled 'Ithanente Jeevitham,' explores his life, political journey, and recent controversies, with its launch creating significant anticipation and debate.