വിനോദസഞ്ചാരിയായ അലക്സ് വാണ്ടേർസിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. 'കേരള, എനിക്ക് നിരാശ തോന്നുന്നു' എന്ന അടിക്കുറിപ്പോടെയാണ് വർക്കല ക്ലിഫിൽ നിന്നുള്ള വിഡിയോ അലക്സ് പങ്കുവച്ചിരിക്കുന്നത്. 'ഭൂമിയിലെ മനുഷ്യരെ, എന്തുകൊണ്ടാണ് നിങ്ങളിങ്ങനെ' എന്ന വാചകം പറഞ്ഞുകൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്
തനിക്ക് കേരളം ഒരുപാട് ഇഷ്ടമായെന്നും എന്നാൽ വർക്കലയിൽ കണ്ട ഈ കാഴ്ച അറപ്പുളവാക്കുന്നത് ആണെന്നും വ്യക്തമാക്കുകയാണ് അലക്സ്. ക്ലിഫിന്റെ അരികിൽ നിന്നുകൊണ്ടാണ് വിഡിയോ. ഇത് മനോഹരമായ ഒരു സ്ഥലമാണെന്നും എന്നാൽ മാലിന്യങ്ങൾ നിറച്ച് നശിപ്പിക്കപ്പെട്ട നിലയിൽ ആണെന്നും അലക്സ് പറയുന്നു.
കുപ്പികളുടെ അടപ്പ്, മിഠായിക്കടലാസുകൾ, പ്ലാസ്റ്റിക് കുപ്പികൾ, ബിയർ ബോട്ടിലുകൾ, പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങി പല തരത്തിലുള്ള മാലിന്യങ്ങൾ ക്ലിഫിൽ കാണാമെന്ന് അലക്സ് പറയുന്നു. വിഡിയോ വൈറലായതോടെ മലയാളികളുടെ കമന്റ് പൂരമാണ്. ഇങ്ങനെ മാലിന്യമാക്കിയവര്‍ കാരണം കേരളത്തിന് ഒന്നാകെ നാണക്കേടായെന്നും നടപടി വേണമെന്നുമാണ് കമന്റുകൾ.