TOPICS COVERED

എസ്.എസ്.കെ ഫണ്ടിനായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഡല്‍ഹിയിലേക്ക്.  കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുമായി ഈമാസം പത്തിന് ശിവന്‍കുട്ടി കൂടിക്കാഴ്ച നടത്തും. പി.എം ശ്രീ കരാര്‍ മരവിപ്പിച്ചതില്‍ യാതൊരു നിരാശയുമില്ലെന്നും മുന്നണിയില്‍ തര്‍ക്കമെന്നത് മാധ്യമ സൃഷിടി മാത്രമാണെന്നും  വി ശിവന്‍കുട്ടി പറഞ്ഞു. എസ്.എസ്.കെ ഫണ്ട് തടഞ്ഞതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ സമരത്തിന് ഒരുങ്ങുകയാണ് എസ്.എഫ്.ഐ. 

വിവാദമായ പി.എം ശ്രീ പദ്ധതിയില്‍ ഒപ്പുവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് പറഞ്ഞ കാരണങ്ങളിലൊന്ന് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ് വെച്ചിരിക്കുന്ന എസ്.എസ്.കെ ഫണ്ട് വിട്ട് കിട്ടും എന്നതായിരുന്നു. പദ്ധതിയുടെ തുടര്‍ നടപടികള്‍ മരവിപ്പിച്ചതോടെ ഫണ്ട് കിട്ടുന്ന കാര്യം സംശയത്തിലായി. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ മന്ത്രി കേന്ദ്ര വിദ്യഭ്യാസ മന്ത്രിയെ നേരില്‍ കണ്ട് ഫണ്ട് കൈമാറണമെന്ന് ആവശ്യപ്പെടുന്നത്.  പി.എം.ശ്രീയുമായി ബന്ധപ്പെട്ട് മന്ത്രിസഭ ഉപസമിതി ചേരുന്നതും കേന്ദ്രത്തിന് കത്ത് അയയ്ക്കുന്നതും മുഖ്യമന്ത്രിയുമായി ആലോചിച്ച് നടപ്പാക്കുമെന്നും വിദ്യഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. 

പി.എം ശ്രീ പദ്ധതിയുമായി എസ്.എസ്.കെ ഫണ്ടിന് ബന്ധമില്ല.  എന്നിട്ടും പി.എം ശ്രീയുടെ പേരില്‍ ഫണ്ട് തടഞ്ഞുവയ്ക്കുന്നത് നീതികരിക്കാനാകില്ലെന്നതാണ് സര്‍ക്കാരിന്‍റെ വികാരം. ഇക്കാര്യത്തില്‍ ശക്തമായ രാഷ്ട്രീയ പ്രചാരണം വരും ദിവസങ്ങളില്‍ സി.പി.എമ്മും ഇടത് മുന്നണിയും നടത്തും. അതിന്‍റെ ഭാഗമായാണ് എസ്.എഫ്.ഐയുടെ സമര പ്രഖ്യാപനം. ബുധനാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉദ്ഘടാനം ചെയ്യും.

പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രിമാര്‍ക്ക് പുറമെ സി.പി.ഐയില്‍ നിന്നുള്ള ഒരു മന്ത്രിയെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. എ.ഐ.എസ്.എഫ്, കെ.എസ്.യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകള്‍ക്കും ക്ഷണമുണ്ട്. സമരത്തിന്‍റെ ഭാഗമായി രാജ്ഭവനിലേക്കും 14 ജില്ലാ കേന്ദ്രങ്ങളിലേക്കും മാര്‍ച്ച് നടത്തും. എസ്.എസ്.കെ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് വിദ്യാര്‍ഥികള്‍ മെയിലുകളയക്കുന്ന ക്യാംപയിനും സമരത്തിന്‍റെ ഭാഗമായി നടക്കും. 

ENGLISH SUMMARY:

SSK Fund is the main focus of this article. Kerala's Education Minister V. Sivankutty is visiting Delhi to discuss the SSK fund with the central government and SFI is planning protests against the central government regarding the withholding of the SSK fund.