മതനിരപേക്ഷതയുടെയും മാനവികതയുടെയും വിളംബരമായി മാറിയ ആറ്റുകാൽ പൊങ്കാല മഹോത്സവം ഈ വർഷവും അതിഗംഭീരമായി പൂർത്തിയായിരിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി. പൊങ്കാലയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനും ചില ശക്തികൾ നടത്തിയ ശ്രമങ്ങളെ സമൂഹം തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.  

ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്ത്രീസംഗമത്തിന് ആതിഥ്യമരുളാൻ തിരുവനന്തപുരം നഗരം സർവ്വ സജ്ജമായിരുന്നു.

ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ വർഗ്ഗീയ വിദ്വേഷം പടർത്താനും ആറ്റുകാൽ പൊങ്കാലയെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കാനും ചില ശക്തികൾ നടത്തിയ ശ്രമങ്ങളെ തള്ളിക്കളഞ്ഞ സമൂഹത്തിന് അഭിവാദ്യങ്ങൾ. കേരളത്തിന്റെ മതസൗഹാർദ്ദ പാരമ്പര്യത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്ന് പ്രബുദ്ധരായ ജനത ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.

പൊങ്കാല പ്രമാണിച്ച് കുടിവെള്ള ലഭ്യത ഉറപ്പാക്കാനും ഗതാഗത-ശുചീകരണ സംവിധാനങ്ങൾ കുറ്റമറ്റതാക്കാനും സംസ്ഥാന സർക്കാരിന്റെ വിവിധ വകുപ്പുകളും നഗരസഭയും ഏകോപിതമായി നടത്തിയ പ്രവർത്തനം അഭിനന്ദനാർഹമാണ്.

ആറ്റുകാൽ ട്രസ്റ്റിന്റെ സഹകരണത്തോടെ വിശ്വാസികൾക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിച്ചു. - അദ്ദേഹം വ്യക്തമാക്കി. 

ഈ ഉത്സവത്തിന്റെ യഥാർത്ഥ മഹിമ വിളിച്ചോതുന്നതായിരുന്നു മലയാള മനോരമയിലെ എഡിറ്റോറിയൽ എന്ന് പരാമർശിച്ച ശേഷം അതും അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ചു. അപരവിദ്വേഷത്തിന്റെയല്ല, മറിച്ച് സ്നേഹത്തിന്റെയും ഒത്തൊരുമയുടെയും ലിപിയാണ് കേരളത്തിന്റെ ചരിത്രത്തിലുള്ളതെന്ന് ഈ വരികൾ സാക്ഷ്യപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. 

ENGLISH SUMMARY:

Attukal Pongala, a festival celebrating secularism and humanity, has successfully concluded this year. Minister V Sivankutty highlighted that societal rejection of attempts to politicize the event and spread communal hatred reinforces Kerala's tradition of religious harmony.