ചോറ്റാനിക്കര അമ്പലത്തിനടുത്ത് നിന്ന് എറണാകുളത്തേക്കുള്ള യാത്രാക്ലേശം വ്യക്തമാക്കി മന്ത്രി ഗണേഷ് കുമാറിന് തുറന്ന കത്തുമായി യാത്രക്കാരി. കെബി ഗണേഷ് കുമാർ സാറിന്റെ ശ്രദ്ധയിൽ ഇതൊന്നുപെടുത്താൻ ആരെങ്കിവും സഹായിക്കണം എന്ന് ആരംഭിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീലക്ഷ്മി അജേഷ് മന്ത്രിക്ക് തുറന്ന കത്തെഴുതിയത്. തന്നെ പോലെയുള്ള സാധാരണക്കാരന്റെ വാക്കുകൾ അദ്ദേഹം ചെവികൊള്ളുമോ എന്നറിയില്ലെന്നും, ഇത് ഒരു ശ്രമം മാത്രമാണെന്നും ഫെയ്സ്ബുക്കില്‍ അവര്‍ കുറിച്ചു.
ആ സമയത്ത് അവിടെ നിൽക്കുന്നതില്‍ പ്രായമുള്ള ആൾക്കാരാണ് കൂടുതൽ. അമ്പലത്തിൽ വന്നു തൊഴുതു പോകാൻ വരുന്നതല്ലേ 500രൂപ ഒന്നും അവരുടെ കൈയ്യില്‍ ഉണ്ടാവില്ല. ചോറ്റാനിക്കരയിൽ നിന്നു തിരുവാങ്കുളം വരെ നടക്കാവുന്ന ദൂരവും അല്ല, പ്രത്യേകിച്ച് ആ സമയത്ത്.
പിറവത്തു നിന്നു വരുന്ന ഏതേലും ഒരു ബസ് ചോറ്റാനിക്കര വന്നു വൈറ്റില വഴി പോകുന്നത് ആക്കാമോ. ചോറ്റാനിക്കര – എറണാകുളം റൂട്ട് ഇടണം എന്നല്ല പറയുന്നത്. ചോറ്റാനിക്കര വൈറ്റില മതി. ഒന്ന് സഹായിക്കാമോ സർ. – ശ്രീലക്ഷ്മി അജേഷ് വ്യക്തമാക്കുന്നു.
കത്തിന്‍റെ പൂര്‍ണരൂപം
സര്‍ ,
ഞാൻ തൃപ്പൂണിത്തുറ ആണ് താമസിക്കുന്നത്. ചോറ്റാനിക്കര അമ്പലത്തിലെ തിരക്ക് അങ്ങേക്ക് അറിവുള്ളതാണല്ലോ. വെള്ളിയാഴ്ചകളിലും ചൊവ്വാഴ്ചകളിലും പറയേം വേണ്ട, സന്ധ്യാ ദീപാരാധന കഴിഞ്ഞു തൊഴുതു ഇറങ്ങുമ്പോൾ 7.30 ആവും. അവിടുന്ന് എറണാകുളത്തേക്കുള്ള അവസാനത്തെ ബസ് 7.30നാണ്. 7.45നു ബസ് ഉണ്ടെന്നു പറയുന്നു. പക്ഷെ യാതൊരു ഉറപ്പുമില്ല.
സാറിന് അറിയാമല്ലോ, ഞങ്ങൾ സാധാരണക്കാർക്ക് പൊതു ഗതാഗത സംവിധാനം ആണ് രക്ഷക്ക് ഉള്ളത്. 7.30 കഴിഞ്ഞു ചോറ്റാനിക്കര അമ്പലത്തിലെ സ്റ്റോപ്പിൽ എത്തിയാൽ ബസ് ഇല്ലാ.. പിന്നെ ബസ് കിട്ടണം എങ്കിൽ തിരുവാങ്കുളം ജംഗ്ഷനിൽ എത്തണം. അവിടെ ഓട്ടോ സ്റ്റാൻഡിൽ ചിലപ്പോ ഓട്ടോ കാണും. ഇല്ലെങ്കില്‍ വരുന്ന ഓട്ടോ റിക്ഷക്കാർ ചോറ്റാനിക്കരയിൽ നിന്നു തിരുവാങ്കുളം വരെ പോകാൻ അവർക്കു തോന്നിയ കാശ് ചോദിക്കും.
ആ സമയത്ത് അവിടെ നിൽക്കുന്നതില്‍ പ്രായമുള്ള ആൾക്കാരാണ് കൂടുതൽ. അമ്പലത്തിൽ വന്നു തൊഴുതു പോകാൻ വരുന്നതല്ലേ 500രൂപ ഒന്നും അവരുടെ കൈയ്യില്‍ ഉണ്ടാവില്ല. ചോറ്റാനിക്കരയിൽ നിന്നു തിരുവാങ്കുളം വരെ നടക്കാവുന്ന ദൂരവും അല്ല, പ്രത്യേകിച്ച് ആ സമയത്ത്.
പിറവത്തു നിന്നു വരുന്ന ഏതേലും ഒരു ബസ് ചോറ്റാനിക്കര വന്നു വൈറ്റില വഴി പോകുന്നത് ആക്കാമോ. ചോറ്റാനിക്കര – എറണാകുളം റൂട്ട് ഇടണം എന്നല്ല പറയുന്നത്. ചോറ്റാനിക്കര വൈറ്റില മതി. ഒന്ന് സഹായിക്കാമോ സർ.
സാറിനെ കൊണ്ടേ അത് പറ്റുള്ളൂ. ഒന്ന് സഹായിക്കാമോ.. സർ.. ഞാനൊക്കെ വല്ലപ്പോഴും പോകുന്നവർ ആണെന്ന് വെക്കാം. സ്ഥിരം പോകുന്നവരും ഉണ്ട്. അവരൊക്കെ പെട്ടു പോകുവാ പതിവ്. പിന്നെ ഒരു ഗതിയും ഇല്ലാത്തവരും ഷെയർ ഇട്ട് ഓട്ടോ വിളിക്കും. സർ ഉപേക്ഷ വിചാരിക്കല്ലേ.
ഞാനിത് ചിലരോട് പറഞ്ഞപ്പോ പറഞ്ഞത് നടക്കാൻ പോകുന്നില്ല എന്നാണ്. പക്ഷേ ഞാൻ വിശ്വസിക്കുന്നു നടക്കും എന്ന്. കാരണം സർ പറഞ്ഞില്ലേ.. യാത്രക്കാരന്റെ സൗകര്യങ്ങൾ കണക്കിലെടുത്താണ് കെഎസ്ആര്‍ടിസി ഓടുന്നത് എന്ന്. അത് സത്യം ആണെങ്കിൽ ഒന്ന് സഹായിക്കാമോ.