കേന്ദ്ര സർക്കാരിൻ്റേയും നീതി ആയോഗിൻ്റേയും കണക്കുകൾ പ്രകാരം മൾട്ടി ഡയമെൻഷണൽ പോവർട്ടി ഇൻഡക്സ് കണക്കിൽ കേരള ജനസംഖ്യയിലെ 0.71% ആളുകൾ അതീവ ദരിദ്രരാണെന്ന് വിടി ബൽറാം. കേരളത്തിലെ ജനസംഖ്യ 3.6 കോടിയാണെങ്കിൽ അതിൻ്റെ 0.71 ശതമാനമെന്നാൽ 2.55 ലക്ഷത്തിലേറെയാണ്. സംസ്ഥാന സർക്കാർ നിയമസഭയിൽ നൽകിയ കണക്കുകളിൽ ഇത് അഞ്ചര ലക്ഷത്തിലേറെയാണ്. ഇതെന്തിനാണ് ഒറ്റയടിക്ക് 64,000 ആയി കുറച്ചത് എന്ന് ഇനിയും വ്യക്തമല്ല. അതായത് ഇന്ന് സർക്കാരിൻ്റെ ഈ പ്രൊപ്പഗണ്ടാ പദ്ധതിയുടെ ഗുണഭോക്താക്കളായവരേക്കാൾ നാലിരട്ടി മുതൽ എട്ടിരട്ടി വരെ ആളുകൾ യഥാർത്ഥത്തിൽ അതിദരിദ്രരായി കേരളത്തിൽ ബാക്കിയുണ്ടെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
"അതിദാരിദ്ര്യം" മാറ്റാൻ സംസ്ഥാന സർക്കാർ ചെലവഴിച്ചിരിക്കുന്നത് 1000 കോടി രൂപയാണത്രേ! വാർത്തകളിൽ കാണുന്നതാണ്.
64,006 പേരാണ് കേരളത്തിലെ ആകെ ഗുണഭോക്താക്കൾ. അതായത് ശരാശരി ഒന്നര ലക്ഷം രൂപയിലേറെയാണ് ഒരാളെ അതിദാരിദ്ര്യത്തിൽ നിന്ന് കരകയറ്റുന്നതിനായി സർക്കാർ ചെലവഴിച്ചതായി പറയുന്നത്.
ഇനി ചെലവഴിച്ചതായി പറയപ്പെടുന്ന 1000 കോടിയുടെ ലഭ്യമായ വിശദാംശങ്ങളെ ഒന്ന് പരിശോധിക്കാം. ഗുണഭോക്താക്കൾക്കുള്ള പ്രധാന നേട്ടമായി കാണാവുന്നത് 4,677 കുടുംബങ്ങൾക്ക് വീട് എന്നതാണ്. ഒരാൾക്ക് 4 ലക്ഷം രൂപ വീതം ചെലവഴിച്ചാൽ ഇതിന് ആകെ ചെലവ് 187 കോടിയോളം വരും.
പിന്നെയുള്ള ആനുകൂല്യങ്ങൾ പുതിയതായി റേഷൻ കാർഡ് നൽകുക, 331 ആളുകൾക്ക് വൈദ്യുതി കണക്ഷൻ നൽകുക എന്നിവയാണ്. അതിനൊന്നും സർക്കാരിന് കാര്യമായി പുതിയ സാമ്പത്തികച്ചെലവ് വരുന്നില്ല. നിലവിലെ ഉദ്യോഗസ്ഥ സംവിധാനത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയാൽ മാത്രം മതി.
35,041 പേരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയതിലും സർക്കാരിന് പുതിയ സാമ്പത്തികച്ചെലവ് വരുന്നില്ല. ഏറ്റവും ദരിദ്രരായ ആളുകളെ മുന്നിൽക്കണ്ട് തന്നെ 2005ൽ മൻമോഹൻ സിംഗ് സർക്കാർ നടപ്പാക്കിയ പദ്ധതിയാണത്. അതിലുൾപ്പെടാൻ സാങ്കേതികമായോ രേഖാപരമായോ ആർക്കെങ്കിലും കഴിയാതെ പോയാൽ അത് പരിഹരിക്കുന്നതിനും പുതിയ സാമ്പത്തികച്ചെലവ് സർക്കാരിനുണ്ടാവുന്നില്ല.
ജീവനോപാധികളായി തയ്യൽ മെഷീനും മറ്റും ഏതാനും പേർക്ക് വിതരണം ചെയ്യുന്നതിനും പരമാവധി പത്തോ പതിനഞ്ചോ കോടിയേ ചെലവഴിച്ചിട്ടുണ്ടാവൂ.
ഇത്രയുമാണ് ഗുണഭോക്താക്കൾക്കുള്ള യഥാർത്ഥ ആനുകൂല്യങ്ങളെങ്കിൽ അതിനായി പരമാവധി 200-250 കോടിയേ ഈ പദ്ധതിയിലൂടെ ചെലവഴിച്ചിരിക്കാൻ സാധ്യതയുള്ളൂ. എന്നിട്ടുമെങ്ങനെയാണ് ചെലവ് 1000 കോടിയിലെത്തിയത് എന്നതാണ് അത്ഭുതം! -