police-jeep-thrissur

പുതിയ പൊലീസ് ജീപ്പ് കിട്ടിയതിന്‍റെ ആനന്ദത്തില്‍ വണ്ടി നല്ല മൊഞ്ചാക്കി തൃശൂരിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍. തൃശൂര്‍ സിറ്റി പൊലീസിലെ ‘ജെന്‍ സി’ വണ്ടിയാക്കാനായിരുന്നു പ്ലാന്‍. ജീപ്പില്‍ ഫുട്സ്റ്റെപ്പ് പിടിപ്പിച്ചു. വിലപിടിപ്പുള്ള മ്യൂസിക് സിസ്റ്റവും ഘടിപ്പിച്ചു. ശക്തന്‍റെ തട്ടകത്തിലൂടെ ജീപ്പ് പാഞ്ഞു. ആരു കണ്ടാലും ഒന്നുനോക്കും. പഴയ ഉദ്യോഗസ്ഥന്‍ ഉപയോഗിച്ചിരുന്ന വണ്ടി ശ്രദ്ധിക്കപ്പെട്ടത് വ്യത്യസ്തമായ ലൈറ്റുകള്‍ കൊണ്ടായിരുന്നു. അതിനോട് കിടപിടിക്കുന്ന രീതിയില്‍തന്നെ നല്ല മൊഞ്ചുള്ള വണ്ടിയാക്കി മാറ്റി. സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ വണ്ടിയുടെ പശ്ചാത്തലത്തില്‍ റീല്‍സും വന്നു. പൊലീസ് പട്രോളിങ്ങിനിടെ നല്ല മ്യൂസിക് കേട്ട് പോകാം. എല്ലാം കൊണ്ടും ന്യൂജനറേഷന്‍ വണ്ടി. തൃശൂര്‍ സിറ്റി പൊലീസില്‍ എല്ലാവരും ഈ വണ്ടി നോട്ടമിടുകയും ചെയ്തു.

ക്രമസമാധാന ചുമതലയുള്ള ഉദ്യോഗസ്ഥനായതു കൊണ്ടുതന്നെ വണ്ടിയില്‍ വന്നിറങ്ങുമ്പോഴും കിട്ടി സിനിമാസ്റ്റൈല്‍ സ്വീകാര്യത. നവമാധ്യമങ്ങളിലെ റീല്‍സിനും ലൈക്കുകളുടെ പെരുമഴ. തൃശൂര്‍ സിറ്റി പൊലീസില്‍ ‘ശക്തനായി’ വാഴുമ്പോഴായിരുന്നു ഇടിമിന്നല്‍ പോലെ സ്ഥലംമാറ്റ ഉത്തരവിന്‍റെ വരവ്. ഒരിക്കലും സ്ഥലംമാറ്റമുണ്ടാകില്ലെന്ന് കരുതിയിരുന്ന ഉദ്യോഗസ്ഥന് ഉത്തരവ് കണ്ടപ്പോള്‍ നിരാശയായി. സ്ഥലംമാറ്റം റദ്ദാക്കാന്‍ നെട്ടോട്ടമോടി. പകരം നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണെങ്കില്‍ ജോയിന്‍ ചെയ്യാന്‍ എത്തുകയും ചെയ്തു. 

പണികളൊന്നും ഫലിക്കാതെ വന്നതോടെ കസേര ഒഴിയുന്നത് പരമാവധി നീട്ടാനായി ശ്രമം. പക്ഷേ, സ്ഥലംമാറ്റ ഉത്തരവ് റദ്ദായില്ല. പിന്നെ എങ്ങനെ ‘കലിപ്പ്’ തീര്‍ക്കും എന്നായി ചിന്ത. പുതിയ ജീപ്പില്‍ ഫിറ്റ് ചെയ്ത ഫുട് സ്റ്റെപ്പും സ്റ്റീരിയോയും ഡ്രൈവറോട് പറഞ്ഞ് അഴിച്ചുമാറ്റി. പുതിയതായി വരുന്ന ഉദ്യോഗസ്ഥന്‍ അങ്ങനെയങ്ങ് തൃശൂര്‍ സിറ്റി പൊലീസില്‍ മൊഞ്ചുള്ള വണ്ടിയില്‍ വിലസേണ്ട. നേരത്തെ ഈ ജീപ്പ് കണ്ടിട്ടുള്ള സേനാംഗങ്ങളും ഞെട്ടി. എവിടെപ്പോയി വണ്ടിയുടെ എക്സ്ട്രാ ഫിറ്റിങ്സെല്ലാം? ഷോറൂമില്‍ നിന്നിറങ്ങിയ അതേമട്ടിലായല്ലോ വണ്ടി ഇപ്പോള്‍. മ്യൂസിക് സിസ്റ്റമില്ലാതെ ഫുട് സ്റ്റെപ്പില്ലാതെ തൃശൂര്‍ സിറ്റി പൊലീസില്‍ ഈ വണ്ടി ഇപ്പോഴും കറങ്ങുന്നുണ്ട്. വണ്ടിയിലെ എക്സ്ട്രാ ഫിറ്റിങ്സ് സ്വന്തം കയ്യില്‍ നിന്ന് മുടക്കി വാങ്ങിയതാണോ! അതോ സ്പോണ്‍സര്‍ഷിപ്പാണോ!. രഹസ്യാന്വേഷണം തുടരുകയാണ്.

ENGLISH SUMMARY:

A senior police official in Thrissur City, known for customizing his official jeep with features like footsteps and an expensive music system to create a 'Gen Z' vehicle, allegedly had all the accessories removed following his abrupt transfer order. Disappointed by the transfer, the officer reportedly dismantled the modifications, leaving the jeep looking bare. The incident, termed a 'Gen Z police story,' has shocked police personnel in Thrissur.