കൊച്ചിയിൽ ഭക്ഷണ പ്രേമികൾക്കിടയിൽ വൈറലായ ഒരു ബണ്ണിന്റെ കഥയാണ് ഇനി. ശരിക്കും, ബൺ അല്ല ബൺ വിൽക്കുന്നവരാണ് വൈറലായത്. ചായ കപ്പിൾ എന്നറിയപ്പെടുന്ന ശ്രീലക്ഷ്മിയും ശരണുമാണ് ഈ കിടിലൻ ഐഡിയയ്ക്ക് പിന്നിൽ.
വിദേശരാജ്യങ്ങളിലെ ജോലി രാജിവച്ച ശേഷം പുതിയൊരു സംരംഭം എന്ന നിലയിലാണ് രണ്ടുപേരും ബൺ കയ്യിലെടുത്തത്. ആ ബണ്ണിലൂടെ കൊച്ചിക്കാരെയും കയ്യിലെടുത്തു. ഉത്തരേന്ത്യയിൽ ഹിറ്റായ ബൺ മസ്കയോട് സാമ്യം. പക്ഷേ വെണ്ണയിൽ കേരള കൂട്ടുകൾ ചേർത്തതോടെ ചായകപ്പിളിന്റെ ഓൺ പ്രോഡക്റ്റ് ആയിമാറി അത്. കൂടെ സ്പെഷ്യൽ ചായയും.
കലൂർ സ്റ്റേഡിയത്തിന്റെ പരിസരത്ത് വൈകിട്ട് നാലു മുതൽ ഏഴുമണിവരെയാണ് കച്ചവടം. ഒരു ദിവസം 100 അധികം ബണ്ണുകൾ കൊണ്ടുവരും. ആദ്യത്തെ മണിക്കൂറിൽ തന്നെ അത് കഴിയും. ബൺ വേണ്ടവർ ക്യു ആർ കോഡ് സ്കാൻ ചെയ്ത് ഗൂഗിൾ ഫോമിൽ ഓർഡർ ചെയ്യണം. സമയം ആകുമ്പോൾ പേരുവിളിക്കും. പുതിയ വിഭവങ്ങളെ ഇരു കയ്യും നീട്ടി സ്വീകരിക്കുന്ന കൊച്ചിക്ക് അങ്ങനെ പുതിയൊരു ഐറ്റം കൂടി.