കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലാണ് കെ എൽ ബ്രോ ബിജു ഋതിക്. തൻ്റെ പേരിലുള്ള യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വിഡിയോസ് പങ്കുവയ്ക്കുന്നത്. ബിജുവും അമ്മയും ഭാര്യയും മകനും ആണ് പ്രധാനമായും കണ്ടന്റ് ചെയ്യാറുള്ളത്. കേരളത്തിലെ ആദ്യ ഒരു മില്യൺ യൂട്യൂബ് ചാനൽ ഇവരുടേതാണ്. ഇന്ത്യയിൽ ആദ്യമായി ഒരു വ്യക്തിഗത യൂട്യൂബ് ചാനലിന് 5 കോടിയിലേറെ സബ്സ്ക്രൈബർമാരെ ലഭിച്ചതും ബിജുവിനും കുടുംബത്തിനും തന്നെ.
ഇപ്പോഴിതാ കെ.എല്‍ ബ്രോയുടെ പേരിലുള്ള പുതിയ ഒരു റെക്കോര്‍ഡാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ യൂട്യൂബില്‍ സബ്സ്ക്രൈബേഴ്സുള്ള ചാനലാണ് കെ.എല്‍.ബ്രോയുടെത്. 76.9 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് റൊണാള്‍ഡോയ്ക്കുള്ളതെങ്കില്‍ 78.7 മില്യണ്‍ സബ്സ്ക്രൈബേഴ്സാണ് കെ.എല്‍.ബ്രോയുടെ ചാനലിനുള്ളത്. ലോകമെമ്പാടും അറിയപ്പെടുന്ന ആരാധകരുള്ള റൊണാള്‍ഡോയെ കടത്തിവെട്ടിയ കെ.എല്‍.ബ്രോ ഇപ്പോള്‍ സാമൂഹ്യമാധ്യങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയമാണ്. രാജ്യത്ത് ഏറ്റവുമധികം സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിനുള്ള റൂബി പ്ലേ ബട്ടൻ കെ.എല്‍ ബ്രോയുടെ ചാനൽ കഴിഞ്ഞ കൊല്ലം സ്വന്തമാക്കിയിരുന്നു.
'യൂആര്‍' എന്ന പേരില്‍ 2024 ആഗസ്റ്റ് 22നാണ് റൊണാള്‍ഡോ തന്‍റെ യൂട്യൂബ് ചാനല്‍ ആരംഭിക്കുന്നത്. അന്ന് 90 മിനിറ്റിനുള്ളില്‍ 10 ലക്ഷത്തിലധികം ആളുകളാണ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തത്. തുടങ്ങി ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്സിനെ സ്വന്തമാക്കുന്ന യൂട്യൂബ് ചാനല്‍ എന്ന റെക്കോര്‍ഡും അന്ന് അന്ന് റൊണാള്‍ഡോ സ്വന്തം പേരിലാക്കിയിരുന്നു. ചാനല്‍ തുടങ്ങി ഒരു ദിവസം കൊണ്ട് ഗോള്‍ഡന്‍ പ്ലേ ബട്ടണും താരത്തെ തേടി എത്തിയിരുന്നു.