അതിദരിദ്രരില്ലാത്ത സംസ്ഥാനമെന്ന പ്രഖ്യാപനത്തിന് ഒരുങ്ങുമ്പോഴും അടുപ്പു പുകയ്ക്കാൻ പോലും വകയില്ലാത്ത ജീവിതങ്ങൾ ഇനിയും കേരളത്തിലുണ്ട്. ഒറ്റ മുറിയിൽ ജീവിതം തള്ളിനീക്കുന്ന വിധവയായ മണിയമ്മയും കിടപ്പിലായ മകനുമാണ് എടത്വ തലവടിയിലെ കണ്ണീർക്കാഴ്ചയാണ്.
ഭർത്താവ് മരിച്ച മണിയമ്മയുടെ ഏക ആശ്രയം മകൻ കണ്ണനായിരുന്നു. അബുദാബിയിൽ മകന് ജോലി ലഭിച്ചതോടെ കഷ്ടപ്പാടുകൾക്ക് അറുതി വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. ചോർന്നൊലിക്കുന്ന വീട്ടിൽ അറ്റകുറ്റപ്പണി നടത്താൻ ലീവെടുത്തെത്തിയ കണ്ണൻ്റെ സ്വപ്നങ്ങൾ പക്ഷേ വാഹനാപകടം പാടേ തകർത്തു കളഞ്ഞു.
ഇവര്‍ താമസിച്ചിരുന്ന പൂർത്തിയാകാത്ത വീട് കാറ്റിലും മഴയിലും തകർന്നുവീണു. താൽക്കാലികമായി വാടക വീട്ടിലേക്ക് മാറിയെങ്കിലും അതും ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. ഷീറ്റ് വളച്ചു കെട്ടിയ ഒറ്റമുറിയിലാണ് നിലവില്‍ ഇരുവരുടെയും ജീവിതം. മാസം കിട്ടുന്ന റേഷനരിയിൽ ഇതുവരെ വിശപ്പകറ്റി എങ്കിലും രോഗം മൂർച്ഛിച്ചതോടെ പാചകം ചെയ്യാൻ പോലും മണിയമ്മയ്ക്ക് കഴിയുന്നില്ല. ഓരോ മാസവും കണ്ണൻ്റെ ചികില്‍സയ്ക്കായി അരലക്ഷത്തോളം രൂപയും ആവശ്യമായി വരുന്നു. സര്‍ക്കാരിന്‍റെയും സുമനസുകളുടെയും കൈത്താങ്ങാണ് ഈ കുടുംബത്തിന് ആവശ്യം.