എഴുപതാം പിറന്നാളിലെത്തുമ്പൊഴും കേരളത്തെ കേരളമാക്കി നിലനിര്‍ത്തുന്ന ചിലതെങ്കിലും അവശേഷിക്കുന്നുണ്ട്. ആ കാഴ്ചകളിലേക്കാണ് ഇനി.കാലത്തിനും കോണ്‍ക്രീറ്റുകാടിനും കാര്‍ന്നുതിന്നാന്‍ നിന്നുകൊടുക്കാത്തെ ചില തുരുത്തുകള്‍. തലകുനിക്കാന്‍ കൂട്ടാക്കാത്ത സഹ്യന്‍. മലതോണ്ടുന്നവര്‍ക്ക് തോറ്റുകൊടുക്കാതെ എല്ലാം സഹിച്ച് സഹ്യന്‍ നില്‍ക്കുന്നതാണ് കേരളത്തെ വാസ്തവത്തില്‍ കേരളമായി നിലനിര്‍ത്തുന്നത്. എഴുപതാണ്ടിന്‍റെ വിവേകം കേരളം സഹ്യനോട് കാണിക്കുമോ... അങ്ങനെ പ്രതീക്ഷിക്കാം....
കേരളത്തിന്‍റെ നെല്ലറകള്‍ പാലക്കാടും കുട്ടനാടുമെന്ന് സാമൂഹ്യപാഠം പുസ്തകത്തില്‍ പഠിച്ചുള്ളവരാണേറെയും. പാഠം പുസ്തകത്താളില്‍ ഒതുങ്ങിയെന്ന് മാത്രം. കേരളം രൂപീകൃതമാകുമ്പോള്‍ 7, 59, 353 ഹെക്ടര്‍ നെല്‍വയല്‍ ഉണ്ടായിരുന്നുവെങ്കില്‍ മൂന്നുവര്‍ഷം മുമ്പത്തെ കണക്കനുസരിച്ച് അവശേഷിക്കുന്നത് ഒരുലക്ഷത്തി തൊണ്ണൂറ്റയ്യായിരം മാത്രം. പാലക്കാടും കുട്ടനാടും പിടിച്ചുനില്‍ക്കുന്നു..... കുറച്ചു വയല്‍ക്കിളികളും. തെക്കിന്‍റെ നെല്ലറ നാഞ്ചിനാടായിരുന്നു. അതില്‍ ഭൂരിഭാഗവും ഇപ്പോഴമുണ്ട്. കാരണം അത് കേരളത്തില്‍ അല്ല എന്നതുതന്നെ.
തേങ്ങയും വെളിച്ചെണ്ണയും പണംകൊടുത്തുവാങ്ങുന്നു എന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്തുവില്‍വയ്ക്കുന്ന ചിലരെങ്കിലും ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പണംകൊടുത്താലുമവ കിട്ടാത്ത കാലം വരാതിരിക്കട്ടെ..... ഈ മണ്ണില്‍ ഒന്നൊന്നായികൂടുന്ന വിമാനത്താവളങ്ങളില്‍ നിന്ന് പറന്നുപൊന്തുന്ന വിമാനങ്ങളിലെ ജാലകത്തിനരികെയിരുന്നുള്ള ഈ കാഴച മായാതിരിക്കട്ടെ.
നദികളില്‍ സുന്ദരി കബനിയോ, നിളയോ, കുന്തിയോ , പമ്പയോ എന്ന് ചോദിച്ചിരുന്ന കാലം പോയി. അവര്‍ക്കൊക്കെ അകാല വാര്‍ധക്യം ബാധിച്ചെങ്കിലും..... ഒഴുകുന്നുണ്ട്. ശ്രദ്ധിച്ചാല്‍ അവര്‍ പറയുന്നത് കേള്‍ക്കാം....കൊല്ലരുത്.
മലയാളത്തിന്‍റെ അസ്തിത്വം ഉറപ്പിക്കുന്നത് കലയുടെ ഭൂമികകളിലുണരുന്ന ഉല്‍വസങ്ങള്‍ കൂടിയാണ്. തെയ്യവും തിറയും പടയണിയും നാട്ടുമണം പ്രസരിപ്പിക്കുന്നു . ആറാട്ടുപുഴയില്‍ നിന്ന് പൂരപ്പെരുക്കം തേക്കിന്‍കാട്ടേയ്ക്ക് മാറിയെങ്കിലും പൂരം പൂരം തന്നെ. താളത്തിലുയുന്ന തിരിനാളം പേറുന്ന ആട്ടവിളക്കിന്‍റെ പിറകില്‍ നിന്ന് ഹൗസ് ബോട്ടുകളിലെ ഇന്‍സ്റ്റന്‍റ് റീലുകളിലേക്ക് അതിവേഗം മാറുന്നെങ്കിലും കഥകളിയും , കൂത്തും കൂടിയാട്ടവും ഓട്ടന്‍തുള്ളലും എതൊക്കെയോ കൂത്തമ്പലങ്ങളില്‍ രാത്രിപകലാക്കുന്നുണ്ട്.....അത്രയും ആശ്വസിക്കാം. അതുകൊണ്ട് കേരത്തിന്‍റെ എഴുപതാം വയസ്സിലും നമുക്ക് പാടാം മാമലകള്‍പ്പുറത്ത് മരതകപ്പട്ടുടുത്ത് മലയാളമെന്നൊരുനാടുണ്ട് ...കൊച്ചുമലയാളമെന്നൊരു നാടുണ്ട്.