രണ്ടാമത്തെ തവണ പ്രസവിക്കാന്‍ താല്‍പര്യമില്ലാതിരുന്നതു കൊണ്ടാണ് കുഞ്ഞിനെ ക്വാറിയില്‍ ഉപേക്ഷിച്ചതെന്ന് ആറ്റൂര്‍ സ്വദേശിയായ സ്വപ്നയുടെ മൊഴി. അമിതമായ രക്തസ്രാവം മൂലം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലെ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നാണ് സ്വപ്ന പൊലീസിനോട് പറഞ്ഞത്. മുപ്പത്തിയേഴുകാരി സ്വപ്നയ്ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
വീണ്ടും പ്രസവം വേണ്ടെന്ന് ചിന്തിച്ച സ്വപ്ന എട്ടാംമാസത്തില്‍ അബോര്‍ഷനുവേണ്ടി മരുന്നുകഴിച്ചെന്നാണ് ലഭിക്കുന്ന വിവരം. മരുന്നുകഴിച്ച് മൂന്നാംദിനം പ്രസവിച്ചു. കഴിഞ്ഞ പത്താം തിയതിയാണ് സ്വപ്ന പ്രസവിച്ചത്. പ്രസവിച്ച ശേഷം പൊക്കിള്‍ക്കൊടി വിച്ഛേദിച്ചത് മൂത്ത കുട്ടിയുടെ സഹായത്തോടെയായിരുന്നു.
അബോര്‍ഷനു വേണ്ടി മരുന്നുകഴിച്ചതോടെയാണ് കുഞ്ഞിന്റെ വളര്‍ച്ച പൂര്‍ത്തിയാകും മുന്‍പ് പ്രസവിച്ചത്. ജനിച്ചപ്പോള്‍ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ലെന്നാണ് സ്വപ്ന പറഞ്ഞത്. കുഞ്ഞിന്‍റെ ശരീരം പിറ്റേന്ന് കവറിലാക്കി ക്വാറിയില്‍ തള്ളാന്‍ സഹോദരന്‍റെ സഹായം തേടിയിരുന്നു. കുഞ്ഞിന്‍റെ മുഖത്ത് വെള്ളമൊഴിച്ചതായും പൊലീസിന് വിവരം കിട്ടി.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പ്രകാരം കൂടുതല്‍ നടപടികളിലേക്ക് നീങ്ങും. യുവതി ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയാണ്. ഭര്‍ത്താവിനും കുടുംബാംഗങ്ങള്‍ക്കുമൊപ്പമാണ് യുവതിയുടെ താമസം. ചെറുത്തുരുത്തി പൊലീസാണ് കേസെടുത്തത്. വീടിനടത്തുള്ള ക്വാറിയില്‍ നിന്നാണ് കുഞ്ഞിന്‍റെ ശരീരാവശിഷ്ടങ്ങള്‍ പൊലീസ് കണ്ടെടുത്തത്.