സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. എട്ടു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ , കോട്ടയം ഇടുക്കി, എറണാകുളം തൃശൂര്‍ ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. മറ്റുജില്ലകളില്‍ ഇടത്തരം മഴയും ലഭിക്കും. കടല്‍പ്രക്ഷുബ്ധമാണ്. അതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രതപാലിക്കണമെന്ന മുന്നറിയിപ്പുമുണ്ട്.
ഇടുക്കി അടിമാലിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തെ തുടർന്ന് ഗുരുതരമായി പരുക്കേറ്റ സന്ധ്യയുടെ കാൽ മുറിച്ചുമാറ്റി. വീടിനകത്ത് മണ്ണിടിഞ്ഞുവീണ് കോൺക്രീറ്റ് ബീമുകൾക്കിടയിൽപ്പെട്ടാണ് സന്ധ്യയുടെ കാലിന് പരുക്കേറ്റത്. സന്ധ്യയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സർക്കാർ വാഗ്ദാനം നൽകിയെങ്കിലും തുടർനടപടികൾ ഇതുവരെ ഉണ്ടായിട്ടില്ല. നിലവിൽ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കാൻ അധികൃതർ ആരും വിളിക്കുന്നില്ലെന്നാണ് സന്ധ്യയുടെ ബന്ധുക്കളുടെ പരാതി. സന്ധ്യയുടെ ഭർത്താവ് ബിജു മണ്ണിടിച്ചിലിൽ മരിച്ചിരുന്നു.
അതേ സമയം ഇന്നലത്തെ മഴയില്‍ കൊച്ചി നഗരത്തിലും പരിസരത്തും പെയ്ത കനത്ത മഴയിൽ ഇന്നലെ രാവിലെ മുതൽ എംജി റോഡിലും സമീപത്തുള്ള മറ്റു റോഡുകളിലും വെള്ളക്കെട്ടുണ്ടായി. യാത്രക്കാർ വലഞ്ഞു. മഴ മണിക്കൂറുകളോളം നീണ്ടു നിന്നതോടെ നഗരത്തിൽ പലയിടത്തും ഗതാഗത തടസ്സം ഉണ്ടായി. എംജി റോഡിനു പുറമേ സഹോദരൻ അയ്യപ്പൻ റോഡിലും ബാനർജി റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമായി. എന്നാൽ പതിവിൽ നിന്നു വ്യത്യസ്തമായി വെള്ളം പൊങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ റോഡുകളെല്ലാം പൂർവസ്ഥിതിയിലായത് യാത്രക്കാർക്ക് ആശ്വാസമായി.