അർജന്‍റീനയുമായുള്ള ഫുട്ബോൾ മത്സരവുമായി ബന്ധപ്പെട്ട് കൊച്ചി കലൂർ രാജ്യാന്തര സ്റ്റേഡിയം സ്പോൺസർ ആന്റോ അഗസ്റ്റിന് വിട്ടുനൽകി നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചത് കരാർ പോലും ഒപ്പിടാതെയാണ്. ഒരു കരാറും ഇല്ലാതെയാണ് സ്പോൺസർക്ക് സ്റ്റേഡിയം വിട്ടുനൽകി കോടികൾ ചെലവഴിച്ചുള്ള നിർമ്മാണ പ്രവൃത്തികൾ ചെയ്തിരിക്കുന്നത്. ഇതിനിടെ സ്റ്റേഡിയം നവീകരണത്തിലെ വിവാദങ്ങൾക്കിടെ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസിന്‍റെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ സ്റ്റേഡിയത്തിലേക്ക് കയറിയത് സംഘർഷത്തിനിടയാക്കിയിരുന്നു.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് സിപിഎം എറണാകുളം ജില്ലാ നേതൃത്വം. മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വർഗീസിൻ്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികൾ നശിപ്പിച്ചതുമായ നടപടികൾ തികച്ചും പ്രതിഷേധാർഹമാണെന്നാണ് ഇവര്‍ പറയുന്നുന്നത്.

പൊതുമുതൽ നശിപ്പിക്കുന്ന കോൺഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ആവശ്യമായ നിയമ നടപടി സ്വീകരിക്കണമെന്നും സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു.

കുറിപ്പ്

നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന കലൂർ ഇൻ്റർനാഷ്ണൽ സ്റ്റേഡിയം തകർക്കാനുള്ള കോൺഗ്രസ് നടപടികളിൽ അപലപിക്കുക. അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിന് വേണ്ടി കേരളത്തിലേക്ക് അർജന്റീന ഫുട്ബോൾ ടീമിനെ ക്ഷണിച്ചത് കേരളത്തിലെ കായികപ്രേമികളെ മുഴുവൻ ആവേശം കൊള്ളിച്ച ഒന്നായിരുന്നു. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കൊച്ചി ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയവും, കേരളവും അർജന്റീന ഫുട്ബോൾ ടീമിനെ വരവേൽക്കാൻ തയ്യാറാകുകയായിരുന്നു.ഈ ഘട്ടത്തിലാണ് നിശ്ചയിച്ച തിയതി മാറുന്നു എന്ന വാർത്ത വന്നത്. സാങ്കേതിക കാര്യങ്ങൾ പരിഹരിച്ച് അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കാൻ കഴിയും എന്നാണ് കായിക മന്ത്രി ഉൾപ്പെടെ പറഞ്ഞിട്ടുള്ളത്. കായിക കേരളത്തെ ലോകത്തിന്റെ മുമ്പിൽ അടയാളപ്പെടുത്താൻ കിട്ടുന്ന അവസരത്തെ എല്ലാവരും ചേർന്ന് രൂപപ്പെടുത്തുക എന്നുള്ളതാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. എന്നാൽ ഇതിലും രാഷ്ട്രീയം കലർത്തുക എന്ന സമീപനമാണ് കോൺഗ്രസ് സ്വീകരിക്കുന്നത്. അതുകൊണ്ടാണ് നവീകരണത്തിന്റെ അവസാനഘട്ടത്തിലുള്ള സ്റ്റേഡിയം അതിക്രമിച്ചു കയറി തകർക്കുന്ന സമീപനം കോൺഗ്രസ് നേതാക്കന്മാരുടെ ഭാഗത്തുനിന്ന് സ്വീകരിച്ചിട്ടുള്ളത്.

മത്സരത്തിനായുള്ള നവീകരണത്തിനായി സ്റ്റേഡിയം ജിസിഡിഎയിൽ നിന്ന് സ്പോർട്സ് കേരള ഫൗണ്ടേഷൻ ഏറ്റെടുക്കുകയും, റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി ലിമിറ്റഡിന് നൽകുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും സുതാര്യമാണ് എന്ന് നിൽക്കെ ദുരൂഹതകൾ സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള പരിശ്രമമാണ് കോൺഗ്രസ് ചെയ്യുന്നത്. ജിസിഡിഎക്കെതിരെ കോൺഗ്രസ് ഉന്നയിക്കുന്ന ആക്ഷേപങ്ങൾ തികച്ചും രാഷ്ട്രീയ പ്രേരിതമാണ്. നവീകരണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന പ്രവേശന അനുമതി നൽകാത്ത സ്റ്റേഡിയത്തിലേക്ക് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും, ദീപ്തി മേരി വർഗീസിൻ്റെയും നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ അതിക്രമിച്ച് കയറുകയും, സാധനസാമഗ്രികൾ നശിപ്പിച്ചതുമായ നടപടികൾ തികച്ചും പ്രതിഷേധാർഹമാണ്.

പൊതുമുതൽ നശിപ്പിക്കുന്ന കോൺഗ്രസിന്റെ ഇത്തരം ലജ്ജാവാഹമായ പ്രവർത്തികൾക്കെതിരെ ശക്തമായി പ്രതിഷേധിക്കുന്നു ആവശ്യമായ നിയമ നടപടി സ്വീകരിക്കണം. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിക്കുന്നു.

ENGLISH SUMMARY:

Kaloor Stadium controversy erupts as Congress protests against stadium renovation. CPM Ernakulam condemns the vandalism and demands legal action, highlighting the political motives behind the disruption of preparations for the Argentina football match.