ബിഹാറിന്‍റെ വര്‍ണശബളമായ തനത് കലാവിരുതിന്‍റെ അടയാളമാണ് മധുബനി ചിത്രങ്ങള്‍. ഒരുനാട് മുഴുവന്‍ തലമുറകളായി വ്രതനിഷ്ഠപോലെ നടത്തിവരുന്ന ചിത്ര രചന. ചായം കൈയിലെടുക്കുന്നവരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകള്‍. ബിഹാറിന്‍റെ ഹൃദയത്തില്‍ നിന്നൊരു ബദല്‍ രാമായണക്കാഴ്ച്ച മധുബനി ചിത്രങ്ങളായി കേരളത്തില്‍ ഒരുങ്ങുന്നുണ്ട്. 

​നിറങ്ങള്‍ പാടുകയാണ്. മൈഥിലി മൊഴിയില്‍. ഊര്‍മിള ദേവിയുടെ സ്വരമാധുരിയിലൂടെ. കൊച്ചിയുടെ നഗരത്തിരക്കുകള്‍ക്കിടയിലും ബിഹാറിലെ നാട്ടിന്‍പുറത്തെത്തിയ വൈബ്. ഊര്‍മിളയുടെ ബ്രഷ് വര്‍ണങ്ങള്‍ ചേര്‍ത്തുവയ്ക്കുവയ്ക്കുന്നത് പാരമ്പര്യത്തിന്‍റെ ചിത്ര രചന വഴികളിലൂടെയാണ്. വിശ്വവിഖ്യാതമായ മധുബനി പെയിന്‍റിങ്ങുകള്‍. ബിഹാറിന്‍റെ വടക്കേയറ്റത്താണ് മധുബനി. തേന്‍ കാട്. പേരില്‍ തന്നെയുണ്ട് മധുരം. മധുവാണി അഥവാ മധുരമായ മൊഴിയെന്നും അര്‍ഥമുണ്ട്. മധുബനിയിലെ ഗ്രാമീണര്‍ നിഷ്ഠയോടെ ധ്യാനം പോലെ ചെയ്തുവരുന്നതാണ് ചിത്രരചന. 

​ഇതിഹാസ സന്ദര്‍ഭങ്ങളും ദേവതാരൂപങ്ങളും പ്രകൃതിയുമെല്ലാമാണ് പ്രമേയം. കൊടിയ വിശപ്പിലും അതിജീവിനത്തിനായി ഗ്രാമീണര്‍ മണ്‍ചുമരുകളില്‍ ചിത്ര രചന നടത്തുന്നു. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവന്‍‌റെ കല. അവരില്‍ ഭൂരിഭാഗവും പെണ്ണുങ്ങള്‍. പിന്നാക്ക സമുദായത്തിന്‍റെ പോരാളിയായ രാജാ സലേഷിന്‍റെ ജീവിതമാണ് ഊര്‍മിള ദേവി വരയ്ക്കുന്നത്. രാമായണത്തിന് ബദലാണ് രാജാ സലേഷിന്‍റെ ജീവിതം.

​അന്‍പത് ദിവസമെടുക്കും രാജാ സലേഷിന്‍റെ ചിത്രം പൂര്‍ത്തിയാക്കാന്‍. വധൂവരന്മാരുടെ ഐശ്വര്യത്തിന് വിവാഹം നടക്കുന്ന വീടുകളുടെ ചുമരുകളില്‍ മധുബനി ചിത്രങ്ങള്‍ വരയ്ക്കുന്ന ചിട്ട ബിഹാറിലെ ഗ്രാമങ്ങളിലുണ്ട്. പ്രകൃതി വര്‍ണങ്ങള്‍ക്കൊപ്പം അക്രലിക്കില്‍ ഉള്‍പ്പെടെ ഇപ്പോള്‍ മധുബനി ചിത്രങ്ങള്‍ ഒരുങ്ങുന്നു. കാലത്തിന്‍റെ മാറ്റം.

ENGLISH SUMMARY:

The vibrant folk art of Bihar, Madhubani painting (also known as Mithila art), is being showcased in Kochi. This is an artistic tradition, primarily executed by women, that is performed almost like a ritual across generations. Artist Urmila Devi is creating a powerful alternate Ramayana narrative, focusing on the life of Raja Salesh, a warrior of marginalized communities, using traditional Madhubani techniques. These paintings, which usually depict epics, deities, and nature, are traditionally drawn on mud walls for survival during times of great hardship. The exhibition highlights this rich art form's evolution to include modern mediums like acrylics while preserving its deep cultural roots.