Image Credit: facebook.com/comvsivankutty
സംസ്ഥാന കായികമേളയ്ക്കിടെ കളഞ്ഞുകിട്ടിയ സ്വർണ്ണമാല തിരികെ നൽകി മാതൃകയായ ഒന്‍പതാം ക്ലാസുകാരി പഞ്ചമിയെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി പഞ്ചമിയുടെ സത്യസന്ധതയെ ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ രംഗത്തിന് അഭിമാനകരമാണ് പഞ്ചമിയുടെ പ്രവര്‍ത്തിയെന്നും മന്ത്രി കുറിച്ചു.
കായികമേളയ്ക്കെത്തിയ താരങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കിയിരുന്ന സ്കൂളികളിലൊന്നായ നേമം വിക്ടറി ഗേൾസ് എച്ച്.എസ്.എസിലാണ് പഞ്ചമി പഠിക്കുന്നത്. എറണാകുളം ജില്ലയിലെ താരങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ക്ലാസ്മുറിയില്‍ നിന്ന് സ്വര്‍ണമാല കണ്ടെത്തിയതും പഞ്ചമി അധ്യാപികയായ അതുല്യയെ വിവരം അറിയിച്ചു. അതുല്യ ഇക്കാര്യം പ്രധാനാധ്യാപികയായ ഇന്ദുവിനെ അറിയിച്ചു . സ്കൂളില്‍ നിന്ന് അറിയിച്ചതനുസരിച്ചെത്തിയ പൊലീസിന് പിന്നീട് മാല കൈമാറി.
വിദ്യാഭ്യാസ അവകാശത്തിനായി പഞ്ചമിയെന്ന പെണ്‍കുട്ടിയുടെ കൈപിടിച്ച് മഹാത്മാ അയ്യൻകാളി ചരിത്രപരമായ പോരാട്ടം നയിച്ചത് ഊരൂട്ടമ്പലത്താണ്. ഇന്ന് അതേ ഊരൂട്ടമ്പലത്തു നിന്ന് തന്നെ സത്യസന്ധതയുടെ പ്രതീകമായി മറ്റൊരു പഞ്ചമി കൂടി വരുന്നത് ഏറെ സന്തോഷവും പ്രതീക്ഷയും നൽകുന്ന കാര്യമാണെന്നും മന്ത്രിയുടെ കുറിപ്പില്‍ പറയുന്നു. ഊരുട്ടുമ്പലം വേലിക്കോട് വൈഗാലയത്തിൽ സജിതകുമാറിന്റെയും ദിവ്യയുടെയും മകളാണ് പഞ്ചമി. പാഠപുസ്തകങ്ങളിലെ അറിവിനപ്പുറം സത്യസന്ധതയും സാമൂഹിക പ്രതിബദ്ധതയുമാണ് ഒരു വിദ്യാർത്ഥി ആർജ്ജിക്കേണ്ട ഏറ്റവും വലിയ ഗുണങ്ങൾ എന്ന് പഞ്ചമി നമ്മെ ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.