ഒക്ടോബര്‍ പതിനെട്ടാം തിയതി കനത്ത മഴയില്‍ കൂട്ടാര്‍ പുഴയിലൂടെ ഒഴുകിപ്പോയ ഒരു ട്രാവലറിന്റെ ദൃശ്യം കേരളക്കര ഒന്നാകെയാണ് സങ്കടത്തോടെ കണ്ടത്. ട്രാവലർ ഉടമ കൂട്ടാര്‍ കേളംതറയില്‍ ബി. റെജിമോന്റെയും ഡ്രൈവര്‍മാരായ സന്തോഷ്, രാജ കൃഷ്ണമേനോന്‍ എന്നിവരുടെയും ഒരായുസിന്‍റെ സ്വപ്നവും നീരുമായിരുന്നു ആ വെള്ളത്തിലൂടെ അന്ന് ഒഴുകിയത്.
വാഹനം നഷ്ടപ്പെട്ടതിന്റെയും നേരിടേണ്ടി വന്ന വന്‍ സാമ്പത്തികബാധ്യതയുടെയും ദുഃഖത്തില്‍നിന്ന് റെജിമോനെ കൈപിടിച്ചുയര്‍ത്തിയിരിക്കുകയാണ് ചില സുമനസ്സുകള്‍. തകര്‍ന്ന് തരിപ്പണമായ പഴയ വിനായകിന് പകരമായി വിനായക് എന്ന് പേരുള്ള പുതിയ ട്രാവലറാണ് റെജിമോന് സുഹൃത്തുക്കള്‍ സമ്മാനിച്ചത്. പ്രളയം വാഹനത്തെ കവര്‍ന്നെടുത്ത കൂട്ടാര്‍ പാലത്തിന് അരികത്തുവെച്ചു തന്നെ തിങ്കളാഴ്ച വാഹനത്തിന്റെ താക്കോല്‍ റെജിമോന്‍ വാഹനം ഏറ്റുവാങ്ങി.
റെജിമോന്റെ സുഹൃത്തുക്കളും ബെംഗളുരുവില്‍ ഐടി എന്‍ജിനീയര്‍മാരുമായ കണ്ണൂര്‍ സ്വദേശികളാണ് വാഹനം വാങ്ങി നല്‍കിയത്. അഞ്ജിത, സുബിന്‍ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത മറ്റൊരാള്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം വാങ്ങിയത്. നാട്ടിലെത്താന്‍ സാധിക്കാത്തത് മൂലം ഇവരുടെ സുഹൃത്ത് രഹുല്‍ലാലിനെയും അശോകനെയും താക്കോല്‍ കൈമാറാന്‍ ഏല്‍പിക്കുകയായിരുന്നു
പഴയ വിനായകന് 17 സീറ്റ് ആയിരുന്നെങ്കില്‍ ഈ വാഹനത്തിന് 19 സീറ്റാണ്. 14.5 ലക്ഷം രൂപ നല്‍കിയാണ് വാഹനം വാങ്ങിയത്. എട്ടു വര്‍ഷമായുള്ള സൗഹൃദമാണ് തങ്ങള്‍ തമ്മില്‍ ഉള്ളതെന്ന് റെജിമോന്‍ പറഞ്ഞു. ഡ്രൈവറായെത്തി ആ ബന്ധം പിന്നീട് ആഴമുള്ള സൗഹൃദമാകുകയായിരുന്നെന്നും അവരോടുള്ള കടപ്പാട് തനിക്ക് തീര്‍ത്താല്‍ തീരില്ലെന്നും റെജിമോന്‍ പറഞ്ഞു.