സർക്കാർ അനുകൂല പ്രചാരണങ്ങളുടെ കുത്തൊഴുക്കിൽ ഓർമകൾ നഷ്ടമാകുന്ന ജനതയോട് നിരന്തരം സംസാരിക്കുന്നതും സമരമെന്ന് കോണ്‍ഗ്രസ് നേതാവ് ജിന്‍റോ ജോണ്‍. നിരന്തരം ഓർമ്മപ്പെടുത്തി കൊണ്ടിരുന്നില്ലെങ്കിൽ മനുഷ്യർ മറക്കുന്ന കുറേ കാര്യങ്ങളുണ്ട്. നിരന്തരം കൊള്ളയടിക്കപ്പെടുകയും വേട്ടയാടപ്പെടുകയും ചെയ്താലും അതെല്ലാം മറക്കും. അല്‍പകാല ഓർമ്മകളുടെ ദൗർബല്യം കൊണ്ട് മാത്രം തുടർഭരണം തേടുന്നവരെ തുറന്നു കാണിക്കാൻ നിരന്തരം സംസാരിക്കണം. എല്ലാവർക്കും തെരുവ് നിറഞ്ഞും ജയിൽ നിറഞ്ഞും സമരം ചെയ്യാനാകില്ല. അവർക്കുള്ള സമരമാർഗ്ഗമാണ് വോട്ടവകാശം. അത്തരം മഹാഭൂരിപക്ഷം മനുഷ്യരെ സമരസജ്ജമാക്കാൻ, വോട്ടിംഗ് മെഷീനിൽ വിരലറ്റം കൊണ്ട് വിപ്ലവം തീർക്കാൻ മറന്നതെല്ലാം ഓർമ്മപ്പെടുത്തുക എന്ന ഒരൊറ്റ വഴിയേയുള്ളൂ എന്നും ജിന്‍റോ ജോണ്‍ പറഞ്ഞു.
കുറച്ച് കാലം മുന്നേ വേണ്ടത്ര ഗൗരവത്തോടെയല്ലാതെ തുടങ്ങിയ ഒരു യൂട്യൂബ് ചാനല്‍ സജീവമാക്കുകയാണെന്ന് പറഞ്ഞ് ഫെയ്സ്ബുക്കിലൂടെ ചാനല്‍ ലിങ്കും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. അന്ന് തുടങ്ങിയ പ്ലാറ്റ്ഫോമിലൂടെ ഇനി സംസാരിച്ചു തുടങ്ങാമെന്ന് കരുതുന്നു.
രഹസ്യം: ഒരു സിപിഎം എംഎൽഎയുടെ സ്വകര്യതയിലെ സ്വാതന്ത്ര്യ പ്രഖ്യാപനം വലിയ ചർച്ചയായപ്പോൾ, മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ ഒളിക്യാമറയും ബൈനോക്കുലറും വച്ച് എത്തിനോക്കുന്ന സദാചാര പൊലീസ് പരിപാടി സിപിഎം അവസാനിപ്പിക്കണമെന്ന് ഓർമ്മിച്ചതിന് അവരെന്നെ ബഹിഷ്കരിച്ചു പോലും! ആ വിവാദ നാളുകളിലും അതിന് ശേഷവും സിപിഎമ്മിന്റെ പല ഔദ്യോഗിക വക്താക്കളും ചർച്ചക്ക് വന്നപ്പോഴൊന്നും തോന്നാത്ത ബഹിഷ്കരണത്തിന്റെ ചേതോവികാരം എന്നെ നിശ്ശബ്ദമാക്കുക എന്നതാണ്.
അല്ലെങ്കിൽ സമാന വിമർശനം നടത്തിയ മറ്റാർക്കുമില്ലാത്ത ബഹിഷ്കരണം എന്നോട് മാത്രമെന്തേ എന്നറിയണമല്ലോ. പിണറായിസ്റ്റ് പാദസേവകരിൽ മുന്തിയ വക്താക്കളോടൊപ്പം ചർച്ചക്കിരിക്കാൻ എനിക്ക് യോഗ്യത കുറവുണ്ടെന്ന് അവർക്ക് തോന്നുമ്പോൾ എന്നോടൊപ്പമിരിക്കാൻ അവർക്കെന്തെങ്കിലും കുറവുണ്ടോയെന്ന് വിലയിരുത്തേണ്ടതും കാലവും കാഴ്ചക്കാരുമാണ്. ഭരണവിലാസം പരിലാളനയിൽ പോഷണം തേടാത്തത് കൊണ്ട് തന്നെ ഇനിയങ്ങോട്ടുള്ള കാലവും സിപിഎം ഊര് വിലക്ക് ഭയന്ന് നാവ് തളർന്ന് നിശ്ശബ്ദനാകാൻ തീരുമാനമില്ല.
എനിക്ക് സമൂഹത്തോട് സംവദിക്കാനുള്ളത് പറയാൻ ഒരിടമായി ഇത് കാണുന്നു. നഷ്ട പ്രതാപത്തെ അയവിറക്കി നേരം പോക്കാതെ പുതുകാല പോരാട്ടവിജയങ്ങൾ കാത്തിരിക്കുന്ന ഈ കോൺഗ്രസ്സുകാരന്റെ ആശയവ്യക്തതയിലോ വാക്കുകളിലോ നിലപാടിലോ കുറവുകളുണ്ടായാൽ തിരുത്തലുകൾ ആവാം. എന്നാല്‍ സംഘാക്കൾ എന്റെ പിന്നാലെ സമയം കളയണ്ട എന്ന പരിഹാസത്തോടെയാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.