സ്കൂൾ കായികമേളയിലെ 38 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത ഇടുക്കി കാൽവരിമൗണ്ട് സിഎച്ച്എസിലെ ദേവപ്രിയ ഷൈബുവിന് സ്വന്തമായി വീടെന്നതായിരുന്നു സ്വപ്നം. ഇപ്പോഴിതാ ദേവപ്രിയക്ക് വീട് എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കുകയാണ് . ദേവപ്രിയയ്ക്ക് വീട് വെച്ച് നൽകുമെന്ന് സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
ഇടുക്കി കൂട്ടക്കല്ല് സ്വദേശിയും കാൽവരി മൗണ്ട് സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയുമാണ് ദേവപ്രിയ. പൊതുപ്രവർത്തകനായ ഷൈബുവിന്റെയും ബിസ്മിയുടെയും മകളാണ്. പത്താം ക്ലാസുകാരി സഹോദരി ദേവനന്ദയും കായികതാരമാണ്. കഴിഞ്ഞ ഇന്റർക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ദേവനന്ദ ഹൈജമ്പിൽ മെഡൽ നേടിയിരുന്നു. അച്ഛന്റെ കുടുംബവീട്ടിലാണ് താമസം.
കഴിഞ്ഞവർഷം ദേവപ്രിയ സംസ്ഥാന സ്കൂൾ കായികമേളയിൽ 100 മീറ്ററിൽ സ്വർണം നേടിയിരുന്നു. അന്ന് പല സംഘടനകളും വീട് നൽകാമെന്ന് ദേവപ്രിയയുടെ കുടുംബത്തിന് വാഗ്ദാനം നൽകിയിരുന്നതായി പരിശീലകൻ ടിബിൻ പറയുന്നു. എന്നാൽ, സ്വന്തമായി സ്ഥലമില്ലാത്തതിനാൽ അത് സാധ്യമായില്ല. ഇത്തവണ സംസ്ഥാന റെക്കോഡ് തകർത്ത നേട്ടമാണ് ദേവപ്രിയ കാഴ്ചവെച്ചത്.