സർക്കാർ ജീവനക്കാരനായ പാലക്കാട് യാക്കര സ്വദേശി ജ്യോതിഷ് പകർത്തിയത് നൂറു കണക്കിന് പുലി ചിത്രങ്ങളാണ്. അവധി ദിവസങ്ങളിൽ കാടു കയറുന്ന ജ്യോതിഷിന്‍റെ മുന്നിൽ അമ്പതിലധികം തവണയാണ് പുലിയും കരിമ്പുലിയുമെത്തിയത്. കാട്ടിൽ പോയാൽ വന്യജീവികളെ കൺമുന്നിൽ കാണാൻ പറ്റുക എന്നത് തന്നെ ഭാഗ്യമാണ്. പാലക്കാട് യാക്കര സ്വദേശി ജ്യോതിഷിനു ഈ ഭാഗ്യം പക്ഷെ പതിവാണ്. വിദ്യാഭ്യാസ വകുപ്പിൽ ക്ലർക്കായ ജ്യോതികുമാർ പകർത്തിയത് പുലികളുടെ മനോഹരമായ നൂറിലധികം ചിത്രങ്ങൾ.
ഒമ്പതാം ക്ലാസു മുതൽ തുടങ്ങിയ ശീലമാണ്. ക്യമറയുമെടുത്ത്, അനുവാദത്തോടെ കാട്ടിൽ കയറും. മതിയാവോളം ചിത്രങ്ങളെടുക്കും. കരിമ്പുലിയും പുള്ളിപ്പുലിയും കാട്ടാനകളും അങ്ങനെയങ്ങനെ. കരിമ്പുലിയും പുള്ളിപ്പുലിയും ഒന്നിച്ചു നിൽക്കുന്ന ജ്യോതിഷിന്റെ ചിത്രം ഏറെ ചർച്ചയായിരുന്നു. ജോലി കഴിഞ്ഞ് ബാക്കിയുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലുമാണ് കാട്ടിൽ കയറുക. കൂടുതൽ മലമ്പുഴ ഭാഗത്ത്. പാറപ്പുറത്ത് വിശ്രമിക്കുന്നതും ഇണചേരുന്നതും മൂന്നു പുലികൾ ഒന്നിച്ചു നിൽക്കുന്നതുമൊക്കെയായ ചിത്രങ്ങൾ ഒരുപാട് പകർത്തിയിട്ടുണ്ട്.
കാടും വന്യജീവികളും നൽകുന്നത് വല്ലാത്ത ഒരു അനുഭൂതിയാണെന്നാണ് ജ്യോതിഷിന്‍റെ പക്ഷം. എല്ലാ മാനസിക സംഘർഷങ്ങളും ഉരുക്കി കളയുന്ന നല്ല നിമിഷങ്ങൾ. പറ്റാവുന്നത്ര കാലം ആ നിമിഷങ്ങൾക്ക് പിന്നാലെ പോകാനാണ് തീരുമാനം.