തന്‍റെ മകന്‍റെ വിയോഗത്തിൽ നെഞ്ചുലഞ്ഞ് ഹൃദയസ്പർശിയായ മറുപടി പ്രസംഗം നടത്തുന്ന ഒരു വൈദികന്‍റെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. താൻ ജീവിച്ചിരിക്കുമ്പോൾ തന്‍റെ മകന്‍റെ വിയോഗം താങ്ങാനാവുന്നില്ലെന്ന് നെഞ്ചുപൊട്ടി ആ വൈദികൻ പറയുന്നു.
‘15 വർഷം എങ്കിലും ആയുസ് നീട്ടി തരണേ എന്ന് ഞാൻ കർത്താവിനോട് ചോദിച്ചു, ഞാൻ കടന്നു പോകുമ്പോൾ എനിക്ക് ഇത്തിരി വെള്ളം തന്നു എന്നെ യാത്ര ആകേണ്ടത് അവനാണ്, പക്ഷേ ഞാൻ അവനെ ഇപ്പോ യാത്ര ആക്കേണ്ടി വരുമ്പോൾ അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല, നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടി പ്രാർത്ഥിക്കണം’ മകന്‍റെ വിയോഗത്തിൽ സി. കെ ജോസഫച്ചന്‍റെ ഈ വാക്കുകൾ ഒരു നാടിനെ ഒന്നാകെയാണ് കണ്ണീരിലാഴ്ത്തിയത്.
ജോസഫച്ചന്‍റെ വാക്കുകൾ
‘എനിക്ക് മൂന്ന് കുഞ്ഞുങ്ങളെയാണ് ദൈവം തന്നത്. എന്‍റെ കടിഞ്ഞൂൺ പുത്രനാണ് ഇവിടെ മരിച്ച് കിടക്കുന്നത്. ഒന്നരവയസ്സുവരെ ആരോഗ്യവാനായിരുന്നു ആ കുഞ്ഞ്. എന്നാൽ ഒരു പനി വന്നതോടെ അവന് വയ്യാതായി. ഏതാനും മാസമുൻപ് ഹാർട്ടിന് പ്രശ്നമുണ്ടായി, അവന് ഓപ്പൺ ഹാർട്ട് സർജറി നടത്തി. ഇന്നലെയായിരുന്നു മൂന്ന് മാസം തികയുന്നത്. ഒരു വർഷം പൂർണ വിശ്രമമായിരുന്നു പറഞ്ഞത്. എന്നാൽ കഴിഞ്ഞ ദിവസം പള്ളിയിൽ ആരാധനയ്ക്ക് പോകണമെന്ന് പറഞ്ഞു. എന്നാൽ ഒരു ശവസംസ്കാര ശുശ്രൂഷയ്ക്ക് പോയപ്പോൾ അവൻ ഒരുപാട് ഓടി, കുന്തിരിക്കം പുകച്ചു, ഇതിനിടെ തളർന്ന് വീഴുകയായിരുന്നു. ബോധം ഇല്ലാതെയായി. വൈദികരെല്ലാം അവനെ ആശുപത്രിയിലെത്തിച്ചു, എന്നാൽ അവൻ പോയി, ഞാൻ പോകുമ്പോൾ എനിക്ക് വെള്ളം ഒഴിച്ച് തരണ്ട കുഞ്ഞാണ്, ഇപ്പോൾ അവന് ഞാൻ വെള്ളം ഒഴിച്ച് കൊടുക്കേണ്ട അവസ്ഥ, ഒരു 15 വർഷമെങ്കിലും അവൻ്റെ ജീവൻ നീട്ടി തരണമെന്നായിരുന്നു എൻ്റെ പ്രാർത്ഥന’