TOPICS COVERED

ഇടുക്കി ജില്ലയുടെ തമിഴ്നാട് അതിർത്തി പ്രദേശങ്ങളിൽ ഇന്നലെ രാത്രി മുതല്‍ പെയ്തിറങ്ങിയത് പെരും മഴയാണ്. മൂന്നു മണിക്കൂറോളം നിർത്താതെ പെയ്ത മഴയിൽ നെടുങ്കണ്ടം, തൂക്കുപാലം, കമ്പംമേട് പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായത്. കനത്ത മലവെള്ളപ്പാച്ചിലിൽ കൂട്ടാറിൽ ട്രാവലർ അടക്കമുള്ള വാഹനങ്ങൾ ഒഴുകി പോയി. ഇതിനിടെയാണ് മുണ്ടിയെരുമയിൽ കനത്ത മഴയിൽ മുങ്ങിയ വീട്ടിൽ നിന്ന് നാലുപേരെ ഒരു കൂട്ടം ചെറുപ്പക്കാർ സാഹസികമായി രക്ഷിച്ചത്.

ഇന്നലെ രാത്രിയിൽ ആരംഭിച്ച മഴയിൽ മുണ്ടിയെരുമ പാട്ടത്തിൽ ബിബിയുടെ വീടിന് ചുറ്റം വെള്ളം കയറുകയായിരുന്നു. വീടിന് ഉള്ളിലേയ്ക്ക് വെള്ളം കയറിയതോടെ കതകടച്ച് ടോബിളിന് മുകളിലേയ്ക്ക് ബിബിയും കുടുംബവും കയറി എന്നാൽ വാതിലിനുള്ളിലൂടെ അകത്തേയ്ക്ക് വെള്ളം കയറിയതോടെ വീട്ടുകാർ ഭയന്നു. സഹായത്തിനായി പാതിരാത്രിയിൽ നാട്ടുകാരെ ഫോണിൽ വിളിച്ചു. വീടിന് ചുറ്റം വെള്ളം നിറഞ്ഞ് നിൽക്കുന്നു, അകത്ത് നാലുപേർ, അപകടം മുന്നിൽ കണ്ട മണിക്കൂറുകൾ.

വീടിന്‍റെ എയർ ഹോൾ പൊളിച്ച് അകത്തേക്ക് കടക്കുകമാത്രമായിരുന്നു ഏക വഴി. അങ്ങനെ ഉള്ളിലേക്ക് കടന്നപ്പോൾ കണ്ടത് സഹായത്തിനായി കേഴുന്ന നാല് ജീവനുകൾ. ഫാനിൽ തൂങ്ങി പെൺകുട്ടി, കട്ടിലിന് മുകളിൽ മേശ കയറ്റിവച്ച് അതിന് മുകളിൽ കയറി മറ്റ് മൂന്നുപേർ. പിന്നെ ഒട്ടും താമസിച്ചില്ല, വീടിന്‍റെ മേൽക്കൂരയിലെ ഷീറ്റ് വലിച്ച് പാലം തീർത്തു, കയറിലൂടെ വലിച്ചുകയറ്റി, ഒരു നാട് ഒന്നാകെ ഈ രക്ഷാപ്രവർത്തനത്തിന് സാക്ഷ്യം വഹിച്ചു. 

ENGLISH SUMMARY:

Idukki rain caused severe damage in the Idukki district's Tamil Nadu border regions. Heavy rainfall led to flooding and a dramatic rescue of a family from a flooded home in Mundieruma.